23 January Wednesday

അർത്തുങ്കൽ പെരുന്നാളിന‌് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

അർത്തുങ്കൽ പെരുന്നാളിന‌് ബിഷപ് സ‌്റ്റീഫൻ അത്തിപ്പൊഴിയിൽ കൊടി ഉയർത്തുന്നു

 ചേർത്തല

മതമൈത്രിയിലൂടെ പ്രസിദ്ധമായ അർത്തുങ്കൽ പെരുന്നാളിന‌് കൊടിയേറി. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ‌്ത്യാനോസിന്റെ 373﹣-ാം തിരുനാൾ ആഘോഷത്തിന‌് ഇതോടെ തുടക്കമായി. പള്ളിയും മുറ്റവും നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി ആലപ്പുഴ രൂപതാ ബിഷപ്പ‌് ഡോ. സ‌്റ്റീഫൻ അത്തിപ്പൊഴിയിൽ കൊടിയേറ്റി. ഇറ്റലിയിലെ ചെസേന രൂപതാ മെത്രാൻ ഡോ. ഡഗ്ലസ് റൊഗാത്തിയേരി വിശ്വാസപ്രഖ്യാപനം ചൊല്ലി. ബസിലിക്കയിൽ പുതുതായി നിർമിച്ച ജപമാല ഉദ്യാനത്തിന്റെ ആശീർവാദം ഡോ. ഡഗ്ലസ് റൊഗാത്തിയേരി നിർവഹിച്ചു.  പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ‌് ഡോ. സ‌്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യകാർമികത്വം വഹിച്ചു. ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ സന്ദേശം നൽകി.  18ന‌് രാവിലെ അഞ്ചിന‌് വിശുദ്ധ സെബസ‌്ത്യാനോസിന്റെ തിരുസ്വരൂപം വണക്കത്തിനായി നടതുറന്ന‌് പ്രതിഷ‌്ഠിക്കും. തിരുനാൾ മഹോത്സവ ദിനമായ 20നും ക‌ൃതജ്ഞതാദിനമായ 27നും നടക്കുന്ന എഴുന്നള്ളത്തിൽ ലക്ഷങ്ങൾ പങ്കാളികളാകും. 27ന‌് അർധരാത്രി നടയടയ‌്ക്കുന്നതോടെയാണ‌് ആഘോഷം സമാപിക്കുക.
പ്രധാന വാർത്തകൾ
 Top