17 February Sunday

വേദിനിറഞ്ഞ് 'താരകപ്പെണ്ണാളേ...'; അരങ്ങില്‍ ഇടമില്ലാതെ സത്യന്‍

പി പ്രമോദ്Updated: Sunday Sep 10, 2017

സത്യനും കുടുംബവും

മാവേലിക്കര > 'താരകപ്പെണ്ണാളേ..' വേദി ഇളക്കിമറിച്ച് നിറഞ്ഞാടുമ്പോഴും നാടന്‍ പാട്ടിന്റെ രചയിതാവ് ഇന്നും തിരശീലയ്ക്കു പിന്നില്‍. കേരളത്തിലങ്ങോളമിങ്ങോളം നാടന്‍പാട്ടു മത്സര വേദികളിലും സ്റ്റേജ് ഷോകളിലും മലയാളം ചാനലുകളിലും  നിറഞ്ഞുനില്‍ക്കുന്ന 'താരകപ്പെണ്ണാളേ....കതിരാടും മിഴിയാളേ..' എന്നു തുടങ്ങുന്ന നാടന്‍പാട്ടിന്റെ രചയിതാവ് സത്യന്‍ കോമല്ലൂരാണ് തന്റെ തൂലികയില്‍ വിരിഞ്ഞ വരികള്‍ നാടൊന്നാകെ ഏറ്റു പാടുമ്പോഴും അരങ്ങിലിടമില്ലാതെ തുടരുന്നത്.
മാവേലിക്കര ചുനക്കരയിലെ കോമല്ലൂര്‍ ഗ്രാമത്തിലെ കുന്നുവിളയില്‍ വീട്ടില്‍ സത്യന്‍ മകള്‍ക്ക് സ്റ്റേജ് പ്രോഗ്രാമില്‍ അവതരിപ്പിക്കാന്‍ വേണ്ടി നാലു വര്‍ഷംമുമ്പ് എഴുതിയതാണ്  പതിനെട്ടു വരികളുള്ള 'താരകപ്പെണ്ണാളേ' എന്ന നാട്ടുപാട്ട്. സംസ്ഥാനത്തെ കവിയരങ്ങുകളിലെ സ്ഥിരം സാന്നിധ്യമായ ഈ നാല്‍പത്തെട്ടുകാരന്‍ നാടന്‍ പാട്ടുകള്‍ എഴുതിത്തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. എന്നാല്‍ കാല്‍നൂറ്റാണ്ടിനിടെ പൊള്ളുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായ നൂറ്റമ്പതോളം കവിതകളും പന്ത്രണ്ട് നാടന്‍പാട്ടുകളും  എഴുതി. 2013 ല്‍ 'മുറിഞ്ഞ കടല്‍', 2015 ല്‍ 'ഒപ്പിടാത്ത അപേക്ഷ' എന്നീ കവിതാ സമാഹരങ്ങള്‍ സത്യന്റേതായി പുറത്തിറങ്ങി. ഡിസി ബുക്സ് പുറത്തിറക്കിയ കനല്‍ കവിതകള്‍ എന്ന പുസ്തകത്തിലെ ഒരു കവിത സത്യന്റേതാണ്.
'പ്രണയം' ആദ്യകവിതയും 'കേള് കേള് പാവാക്കുടുക്കേ...' ആദ്യത്തെ നാടന്‍പാട്ടുമാണ്. മുത്താരം എന്ന സിഡിയില്‍ മധുമുണ്ടകത്തിന്റെ സംഗീതത്തില്‍ പി എസ് ബാനര്‍ജി 'താരകപ്പെണ്ണാളേ' പാടിയിട്ടുണ്ട്. ഈ കാസറ്റിലൂടെയാണ് കേരളത്തിന് ഈ നാടന്‍പാട്ട് പരിചിതമാകുന്നത്. ഏഴ് വിവിധ ഈണങ്ങളില്‍ പാടാവുന്ന ഈ പാട്ട് സ്റ്റേജ് ഷോകള്‍ നടത്തുന്നവരുടെ ഇഷ്ട ഐറ്റമാണ്. ഒടുവില്‍ പുറത്തിറങ്ങിയ മണിയും താരകപ്പെണ്ണാളും എന്ന സിഡിയിലെ പത്തു നാടന്‍പാട്ടുകളില്‍ ഒന്‍പതും സത്യന്‍ എഴുതിയതാണ്.
സമിതികള്‍ക്കു വേണ്ടി ലഘുനാടകങ്ങള്‍ എഴുതി കലാരംഗത്തേക്ക് കടന്ന സത്യന് വിദ്യാഭ്യാസം പത്താംക്ളാസ്സ് വരെ മാത്രം. കിട്ടുന്നതെന്തും വായിക്കുന്ന ശീലമുള്ള ഈ മനുഷ്യന് കേരളത്തിന്റെ സാമൂഹ്യ രംഗത്തെക്കുറിച്ചുള്ള അവഗാഹം അത്്ഭുതപ്പെടുത്തും. എഴുതിയ നാടന്‍ പാട്ടുകളിലും കവിതകളിലും ഏറെയും ഒറ്റപ്പെട്ട മനുഷ്യരുടെയും അതിജീവനത്തിനായി വെമ്പുന്ന സമൂഹത്തിന്റേതുമാണെന്ന് സത്യന്‍ പറയുന്നു.
അഞ്ചാം വയസില്‍ പോളിയോ ബാധിച്ചു ശോഷിച്ച വലതു കാലുമായി കേരളമൊട്ടാകെ തന്റെ ജീവിതം ചാലിച്ചെടുത്ത കവിതകളും നാടന്‍പാട്ടുകളുമായി സഞ്ചരിക്കുന്ന സത്യന്‍ സ്വപ്നം കാണുന്നത് ദളിതനെ പീഡിപ്പിക്കാത്ത ഇന്ത്യയാണ്. കേരളത്തിന്റെ നാടന്‍ പാട്ടുകളുടെ ചരിത്രം പറയുന്ന നാടന്‍പാട്ടിന്റെ പണിപ്പുരയിലാണ് സത്യന്‍. അച്ഛന്‍ ചെല്ലപ്പന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു. അമ്മ പൊന്നമ്മയില്‍ നിന്നാണ് തനിക്ക് സാഹിത്യത്തോടുള്ള താല്‍പര്യം ലഭിച്ചതെന്ന് സത്യന്‍ പറയുന്നു. ഭാര്യ: ബിന്ദു. മക്കള്‍: അനമ്യ, ആദര്‍ശ്.

പ്രധാന വാർത്തകൾ
 Top