28 September Monday

706 കുടുംബങ്ങൾ ക്യാമ്പുകളിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

കുട്ടമ്പേരൂർ എസ്‌കെവി ബുധനൂർ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ്‌ സജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു

ഹരിപ്പാട്
കാലവർഷവും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ കാർത്തികപ്പള്ളി താലൂക്കിൽ 706 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.  22 ക്യാമ്പുകളിലായി 2,516 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. രണ്ടുവീടുകൾ കാറ്റിൽ പൂർണമായും 73 വീടുകൾ ഭാഗികമായും തകർന്നു. 
  വീയപുരത്ത് വീടുകളിൽവെള്ളം കയറിയതിനെത്തുടർന്ന് ഏഴ് ക്യാമ്പുകളിലായി 111 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മേൽപ്പാടം സെന്റ്‌ കുര്യാക്കോസ് ഓഡിറ്റോറിയം, വീയപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പായിപ്പാട് ഗവ. യു പി സ്‌കൂൾ, കാരിച്ചാൽ സെന്റ്‌ ജോർജ് എൽപി സ്‌കൂൾ, സെന്റ്‌ മേരീസ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്‌. 
നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കാനായി കാരിച്ചാൽ സെന്റ്‌ ആൽബർട് ഗ്രിഗറി സ്‌കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.  
കൂടുതൽ കുടുംബങ്ങളെ മാറ്റേണ്ടി വന്നാൽ ഹരിപ്പാട്‌ അമൃതാ സ്കൂളും സജ്ജമാക്കുമെന്ന്‌ വീയപുരം പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പ്രസാദ് കുമാർ പറഞ്ഞു.
ചെറുതനയുടെ വടക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ് 2, 3, 12 വാർഡുകളിൽ നിന്നുള്ള 600 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആയാപറമ്പ് ഗവ. എച്ച് എസ് എസ്, പാണ്ടി ഗവ. എൽ പി സ്കൂൾ, കാഞ്ഞിരം തുരുത്തിലെ കമ്യൂണിറ്റി ഹാൾ, വീയപുരം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ്  ദുരിതബാധിതർ. പള്ളിപ്പാട് പഞ്ചായത്തിൽ നിന്നുള്ളവരെ പ്രധാനമായി നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലേക്കാണ് മാറ്റിയത്.
 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പിലെത്തിയവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ഈ സംവിധാനം അടുത്ത ദിവസങ്ങളിൽ മറ്റു ക്യാമ്പുകളിൽ കുടി ഏർപ്പെടുത്തുമെന്ന്‌ കാർത്തികപ്പള്ളി തഹസിൽദാർ ഡി സി ദിലീപ് കുമാർ പറഞ്ഞു.  ചെറുതന, വീയപുരം പഞ്ചായത്തുകളിലെ 1000 കുടുംബങ്ങൾ ആശ്വാസ കേന്ദ്രങ്ങളിലായതോടെ വളർത്തുമൃഗങ്ങളുടെ പരിപാലനത്തിന് അടിയന്തിര നടപടികൾ വേണ്ടിവരും.
മാന്നാറിൽ 12 ക്യാമ്പ്‌
വെള്ളപ്പൊക്കത്തെതുടർന്ന് മാന്നാർ മേഖലയിൽ 12 ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. ഞായറാഴ്‌ച ആറ് ക്യാമ്പ്‌ കൂടിതുറന്നു. പമ്പ അച്ചൻകോവിലാറുകളിൽ ജലനിരപ്പ് നേരിയതോതിൽ ഉയർന്നതോടെയാണ്‌ കൂടുതൽക്യാമ്പ്‌ ആരംഭിച്ചത്‌.  
ബുധനൂർ എച്ച് എസ്, എണ്ണയ്‌ക്കാട് സ്‌കൂൾ, തൈയൂർ, കെൽട്രോൺ, ശ്രീകൃഷ്‌ണസ്വാമി ഓഡിറ്റോറിയം, ശിശുമന്ദിരം, തോപ്പിൽ മിനി വ്യവസായ യൂണിറ്റ്, കുട്ടമ്പേരൂർ എസ്‌കെവി, നായർസമാജം ഗേൾസ് ഹൈസ്‌കൂൾ, കരയോഗം യുപി സ്‌കൂൾ, ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്‌കൂൾ, തൃപ്പെരുന്തുറ യുപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ്‌.
ക്യാമ്പ്‌ സന്ദർശിച്ചു
മാന്നാർ
മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറി വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ സജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു. മാന്നാർ നായർസമാജം, പാണ്ടനാട്, കുട്ടമ്പേരൂർ എസ്‌കെവി, ബുധനൂർ, പുലിയൂർ സ്‌കൂളുകളിലെ ക്യാമ്പിൽ കഴിയുന്നവരെയാണ് സജി ചെറിയാൻ എംഎൽഎ സന്ദർശിച്ചത്. പഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യൂവകുപ്പ് അധിക‌ൃതർ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top