ആലപ്പുഴ
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാക്കുമ്പോൾ ഉണ്ടാകുന്ന പിണക്കവും പരിഭവവും മുഖവിലയ്‌ക്കെടുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യം വലിച്ചെറിഞ്ഞശേഷം സിങ്കപ്പുരിലെ ശുചിത്വത്തെക്കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിടുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നിയോജകമണ്ഡലം സമ്പൂർണ ശുചിത്വമണ്ഡലമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം പൊതുസ്ഥലത്ത് തള്ളിയാൽ കർശന നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ അയച്ചുതരുന്നവർക്ക് ഈടാക്കുന്ന പിഴയുടെ 25 ശതമാനം തുക നൽകാൻ നിയമം നിർമിക്കും. താമരശേരി ചുരത്തിൽ മാലിന്യം തള്ളുന്ന വണ്ടികൾ പിടിച്ചെടുക്കും. ഇതിനകം എത്രവണ്ടികൾ പിടികൂടിയെന്ന് അന്വേഷിച്ച ഹൈക്കോടതിയും വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വണ്ടി തിരികെ കിട്ടണമെങ്കിൽ കോടതി കയറേണ്ട അവസ്ഥയുണ്ടാകും.
കേരളത്തിന്റെ ശുചിത്വസൈന്യമായ ഹരിതകർമസേനയ്‌ക്കെതിരെ അപവാദപ്രചാരണമുണ്ടായി. യൂസർഫീ നൽകാതിരിക്കാൻ വലിയ പ്രചാരണം നടത്തി. എല്ലാ മേഖലകളിലും രാജ്യത്ത് കേരളം ഒന്നാംസ്ഥാനത്താണെങ്കിലും മാലിന്യവിഷയത്തിൽ ഇനിയും ഉയർന്നുപ്രവർത്തിക്കേണ്ടതുണ്ടെന്നും സമ്പൂർണ ശുചിത്വമണ്ഡലമായ ആലപ്പുഴ സംസ്ഥാനത്തിന്റെ വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു.
പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശിഷ്‌ടാതിഥിയായി. എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, നഗരസഭാധ്യക്ഷ സൗമ്യരാജ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്‌കുമാർ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായി, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി ബിജുമോൻ, കുഞ്ഞുമോൾ ഷാജി, എം ജി പ്രസന്ന, കെ എൻ പ്രേമാനന്ദൻ, പി രഘുനാഥ്, ആർ ജയസിംഹൻ, കെ വി ബ്രിട്ടോ, എ എം നസീർ, വാസുദേവൻനായർ, രവികുമാരൻപിള്ള, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, ശുചിത്വ കമ്മിറ്റി കൺവീനർ പ്രദീപ്‌കുമാർ എന്നിവർ സംസാരിച്ചു. പ്രസീത ചാലക്കുടിയും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു.
മണ്ഡലത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങളെയും മന്ത്രി ആദരിച്ചു. ബോധവൽക്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ ശുചിത്വവർണങ്ങൾ ചിത്രരചനാ മത്സരം, ഷോർട്ട് ഫിലിം ഫെസ്‌റ്റ് എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..