24 January Friday

നിങ്ങളാണ്‌ കയറിന്റെ നേരവകാശികൾ

സ്വന്തം ലേഖകൻUpdated: Monday Dec 9, 2019

91 വയസുള്ള കയർത്തൊഴിലാളി അക്കരപ്പാടം സ്വദേശി കൗസല്യയെ കയർ കേരള വേദിയിൽ മന്ത്രി ടി എം തോമസ്‌ ഐസക്‌ ആദരിച്ചപ്പോൾ

ആലപ്പുഴ : കൗസല്യയ്‌ക്ക്‌ ആദ്യം സമ്മാനിച്ചത്‌ റോസാപ്പൂ. തുടർന്ന്‌ പൊന്നാട ചാർത്തി ആദരം. ഒടുവിൽ മന്ത്രി ടി എം തോമസ്‌ ഐസക്‌ ചേർത്ത്‌ പിടിച്ചതോടെ അക്കരപ്പാടം സ്വദേശി കൗസല്യ അഭിമാനത്താൽ തുടുത്തു. ആനന്ദക്കണ്ണീരിനാൽ നനഞ്ഞു. ഈ ആഹ്ലാദനിമിഷം 91 വയസുള്ള  കൗസല്യയ്‌ക്ക്‌ മാത്രമായിരുന്നില്ല. കയര്‍വ്യവസായ മേഖലയ്‌ക്ക്‌ ജീവിതം ചേർത്തുവെച്ച മുതിര്‍ന്ന കയര്‍ തൊഴിലാളികളുടെയെല്ലാം ആഹ്ലാദനിമിഷമായിരുന്നു. 
 കയര്‍ കേരളയുടെ പ്രധാന വേദിയിലാണ്‌ മുതിർന്ന കയർതൊഴിലാളികളെ ആദരിച്ചത്‌. 250 പേരെയാണ് ആദരിച്ചത്. 90 വയസുള്ള അംബികാ മാര്‍ക്കറ്റ് നിവാസി തങ്കപ്പന്‍, കോമളപുരം സ്വദേശി എം കെ സത്യപാലന്‍ എന്നിവരെയും മന്ത്രി പൊന്നാടയണിയിച്ചു. റോസാപ്പൂ നൽകിയാണ്‌ ഓരോരുത്തരെയും വരവേറ്റത്‌. വനിതകൾക്ക്‌ സെറ്റും  പുരുഷന്മാർക്ക്‌ മുണ്ടും സമ്മാനിച്ചു. 
 മന്ത്രി ടി എം തോമസ് ഐസക് സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. കയര്‍മേഖലയ്‌ക്ക്‌ തൊഴിലാളികള്‍ നല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണെന്നും അവരുടെ അനുഭവസമ്പത്തും യാതനകളുമെല്ലാം ദ‌ൃശ്യവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞപ്പോൾ കരഘോഷം മുഴങ്ങി. ഇവ ആലപ്പുഴ പൈത‌ൃകപദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന്‌ ഐസക്‌ പറഞ്ഞു. 
 വര്‍ഷങ്ങളോളം തൊണ്ടുതല്ലി തഴമ്പുവന്ന്‌ കയര്‍ പിരിച്ച അനുഭവവുമായാണ് തൊഴിലാളികള്‍ വന്നിരിക്കുന്നതെന്നും ഇത്തരം തീക്ഷ്ണമായ കഷ്‌ടപ്പാടുകളും പ്രയാസങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുതുതലമുറയ്‌ക്ക്‌ പകര്‍ന്നുനല്‍കണമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കഷ്‌ടപ്പാടുകളം യാതനകളും അനുഭവിച്ചാണ് ഇത്രയും കാലം പിടിച്ചു നിന്നതെന്ന് മുതിര്‍ന്ന കയര്‍ തൊഴിലാളികളുടെ പ്രതിനിധിയായി സംസാരിച്ച വേലപ്പന്‍ പറഞ്ഞു. സര്‍ക്കാരുകള്‍ പലതും മാറി വന്നെങ്കിലും കയര്‍തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ക‌ൃത്യമായി ഇടപെടുന്നത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണെന്നും വേലപ്പന്‍ പറഞ്ഞു.
കയർ മെഷീനറി മാനുഫാക്ചറിങ്‌ കമ്പനി ചെയർമാൻ അഡ്വ. കെ പ്രസാദ് അധ്യക്ഷനായി. കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, കയർ കോർപറേഷൻ ചെയർമാൻ ടി കെ ദേവകുമാർ, ക്ഷേമനിധി ബോർഡ് ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ പി എം ഷാജി, ആര്‍ റിയാസ്, ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top