19 November Tuesday
കായികമേള

ആരതിക്കിത് നിസാരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

എസ്‌ ആരതി സീനിയർ ഗേൾസ്‌ ഡിസ്‌ക്കസ്‌ ത്രോ (ജിഎച്ച്‌എസ്‌എസ്‌, തിരുനല്ലൂർ)

 ചേർത്തല

ത്രോ ഇനങ്ങൾ ആരതിക്ക്‌ കുടുംബകാര്യം കൂടിയാണ്‌. അതിനാൽ ഈ ഇനങ്ങളിലെ മേധാവിത്വം വിട്ടുകൊടുക്കില്ലെന്ന പതിവ്‌ ഇക്കുറിയും തെറ്റിച്ചില്ല ആരതി. സീനിയർ ​പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ജാവലിൻ ത്രോയിലും സ്വർണം എറിഞ്ഞിട്ടു. ഡിസ്‌കസിൽ 27.32 മീറ്ററും ജാവലിനിൽ 28.65 മീറ്ററുമാണ് ദൂരം. ആരതി തിരുനല്ലൂർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. 
ആറാംക്ലാസ് മുതല്‍ നേട്ടങ്ങൾ എറിഞ്ഞിടാൻ തുടങ്ങിയതാണ് ആരതി. രണ്ട് തവണ ജാവലിനിൽ രണ്ടാമതായതൊഴിച്ചാൽ തന്റെ മേധാവിത്വം വിട്ടുകൊടുത്തിട്ടില്ല ഈ പ്ലസ്ടുക്കാരി. ജാവലിന് പിന്നിലായ വർഷങ്ങളിലും ഡിസ്‌കസിലും ഷോട്ട്‌പട്ടിലും  ഒന്നാമതെത്തി. 2017ൽ ദേശീയ സ്‌കൂൾ ​ഗെയിംസിലും പങ്കെടുത്തു. ഷോട്ട്‌പുട്ടിലും കൂടി ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യനാകാനുള്ള ഒരുക്കത്തിലാണ് ആരതി.
അച്ഛൻ ശിവദാസൻപിള്ളയിൽനിന്നാണ് ആരതി മൂന്നിനങ്ങളുടെയും ബാലപാഠങ്ങൾ പഠിച്ചത്. അച്ഛൻതന്നെയാണ് ആദ്യ​ഗുരു. സ്‌കൂൾ–-കോളേജ് തലത്തിൽ നിരവധി തവണ ജേതാവായിട്ടുണ്ട്‌ ശിവദാസൻപിള്ള. ദേശീയതാരമായ സഹോദരൻ അർജുനും ഡിസ്‌കസിലും ഷോട്പുട്ടിലും സംസ്ഥാന ചാമ്പ്യനാണ്. 2013ൽ സബ്ജൂനിയർ തലത്തിലായിരുന്നു നേട്ടം. അച്ഛന്റെ സഹോദരിയും ത്രോയിനങ്ങളിൽ മികവ് കാണിച്ചിട്ടുണ്ട്.
ദേശീയതലത്തിൽ മത്സരിച്ചതിന് പുറമേ 2014ൽ സംസ്ഥാന ​ഗെയിംസിൽ ഷോട്പുട്ടിന് ഒന്നാമതെത്തിയതാണ് പ്രധാന നേട്ടം. കായികരം​ഗത്ത് തന്നെ തുടരാനാ​ഗ്രഹിക്കുന്ന ആരതിക്ക് കായിക അധ്യാപികയാകാനാണിഷ്‌ടം.
 
പ്രധാന വാർത്തകൾ
 Top