19 October Saturday
മിഴിനിറയാതിരിക്കാൻ

മനുവിന്റെ കൈയൊപ്പ്‌

നന്ദു വിശ്വംഭരൻUpdated: Wednesday Oct 9, 2019

മനു സി പുളിക്കൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഭക്ഷണം വിതരണംചെയ്യുന്നു (ഫയൽചിത്രം)

ആലപ്പുഴ 
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് അന്നം കിട്ടാതെ വലയുന്ന ആരുമില്ല. വിശക്കുന്നവരുടെ കരച്ചിൽ ഇവിടെ കേൾക്കാതായിട്ട് രണ്ടരവർഷമാകുന്നു. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ' എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ആരംഭിച്ച
‘ഹ‌ൃദയപൂർവം' ഭക്ഷണവിതരണ പദ്ധതിയാണ് ദിനംപ്രതി നൂറുകണക്കിന്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്നത്. അരൂരിലെ എൽഡിഎഫ‌് സ്ഥാനാർഥി മനു സി പുളിക്കൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ‌് ‘ഹ‌ൃദയപൂർവം’ ആരംഭിക്കുന്നത്. അന്നുമുതൽ ഇങ്ങോട്ട് പൊതിച്ചോർ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമെല്ലാം മനുവിന്റെ കരുതലുണ്ട‌്.
ഉച്ചനേരത്ത് മെഡിക്കൽ കോളേജ് അങ്കണത്തിൽ കാണാം ഹ‌ൃദയപക്ഷം പകർന്ന കനിവിന്റെ തെളിവ്. ദിവസേന ശരാശരി 4000 പേരാണ് ഹ‌ൃദയപൂർവത്തിലൂടെ വയറുംമനസും നിറയ്‌ക്കുന്നത്.
പ്രളയകാലത്തുപോലും ഇവിടെ അന്നം മുട്ടിയില്ല. 2017 ജൂൺ മൂന്നിനാണ് പദ്ധതി ആരംഭിച്ചത്.  149 മേഖലാകമ്മിറ്റികളിൽ ഓരോകമ്മിറ്റിയും ഒരുദിവസംവീതം ഭക്ഷണംവിതരണം ചെയ്യും. കമ്മിറ്റികൾക്ക് നിശ്ചയിച്ച പ്രദേശങ്ങളിലെ വീടുകളിൽനിന്ന് പൊതിച്ചോർ ശേഖരിക്കും. ഭക്ഷണപ്പൊതി നൽകണമെന്ന്‌ അഭ്യർഥിച്ച്‌ വീടുകളിൽ തലേദിവസം നോട്ടീസ് നൽകും. പിറ്റേന്ന് പൊതിച്ചോർ ശേഖരിച്ച് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കും. വാഴയിലയിലാണ് പൊതി കെട്ടുന്നത്. പകൽ 12.30ന്‌ വിതരണം ആരംഭിക്കും. ആശുപത്രിയിൽ വിതരണത്തിന് 25 പേരുണ്ടാകും. വാർഡുകളിലേക്ക് ഇലപ്പൊതി കൊണ്ടുപോകാൻ കഴിയാത്തതിനാൽ ഭക്ഷണം പാത്രങ്ങളിൽ നൽകും. ഇലയും പൊതിയുന്ന കടലാസും ഡിവൈഎഫ്‌ഐ പ്രവർത്തകർ തിരികെ കൊണ്ടുപോകും. ഭക്ഷണവുമായി എത്തുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ ആവശ്യമുള്ള രോഗികൾക്ക് ഇതോടൊപ്പം രക്തദാനവും നടത്തുന്നുണ്ട്‌. ഒരുദിവസം 10പേർ രക്തദാനം നടത്തും. ആശുപത്രിയിൽ ഭക്ഷണവിതരണത്തിനും മറ്റും   നേതൃത്വം നൽകാൻ സ്ഥിരമായി 10 വളണ്ടിയർമാർ ഉണ്ടാകും.
ഈ 11ന് അരൂർ മണ്ഡലത്തിലെ തീരദേശമേഖലയിൽ നിന്നാണ് ഭക്ഷണം ശേഖരിക്കുന്നത്. ഹ‌ൃദയപൂർവം ആരംഭിച്ചതിലും മുടക്കമില്ലാതെ തുടരുന്നതിലും മനു സി പുളിക്കലിന്റെ കൈയൊപ്പുണ്ട്‌.
പ്രധാന വാർത്തകൾ
 Top