29 May Friday

ഈ കൈകളിൽ ഭദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

പുത്തൻകാവ്‌ പുത്തൻനികർത്തിൽ തൊഴിലുറപ്പ്‌ തൊഴിലാളിയായ കാർത്യായനി സ്ഥാനാർഥി മനു സി പുളിക്കലിനെ ആശിർവദിക്കുന്നു

അരൂർ
പുന്നപറമ്പ‌്നീണ്ടുപറമ്പിൽ ലക്ഷ‌്മി, മനുവിനെ കാത്തിരിക്കയായിരുന്നു. വൈകുമെന്നറിഞ്ഞിട്ടും മടങ്ങിയില്ല. ഭർത്താവിന്റെ മരണദിവസം, ആ മനസറിഞ്ഞെന്നവണ്ണം പോളിങ് ബൂത്തിൽ പോയി ഇടതുപക്ഷ സ്ഥാനാർഥിക്ക‌് വോട്ട‌് നൽകിയ ലക്ഷ‌്മിക്ക‌് അങ്ങനെ പോകാനാവില്ലല്ലോ.  മനുവിനെ കണ്ട ഉടൻ ചാടിയെണീറ്റു. പ്രായത്തിന്റെ അവശകതകൾ മറന്ന് അടുത്തേക്ക‌്. ഇരുകൈയും ശിരസിൽചേർത്ത‌് അനുഗ്രഹിക്കുമ്പോൾ  ലക്ഷ‌്മിയും കൂട്ടുകാരി ഓമനയും പറഞ്ഞു. ‘വിജയം ഉറപ്പ‌്’. 
 സിപിഐ എം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു ലക്ഷ‌്മിയുടെ ഭർത്താവ് എം കരുണാകരൻ. 2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾക്കിടെയാണ് ആശുപത്രിയിലായത‌്. വോട്ടെടുപ്പ‌് ദിവസം മരിച്ചു. ലക്ഷ‌്മി തളരാതെ ബൂത്തിൽപോയി വോട്ടുചെയ‌്ത‌് പാർടിയുടെ ചരിത്രവിജയത്തിൽ പങ്കാളിയായി. പെരുമ്പളം പുന്നപറമ്പിലെ അമ്മമാർക്ക‌് ചെങ്കൊടി എന്നും ആവേശമാണ‌്. തലമുറകളിലേക്ക‌് അതു കൈമാറുന്ന നിമിഷങ്ങളിൽ അടങ്ങിയിരിക്കാൻ അവർക്കാവില്ല. കെ ആർ ഗൗരിയമ്മയിൽ തുടങ്ങി എ എം ആരിഫിലൂടെ കൈമാറിവന്ന ഇടതുപക്ഷത്തിന്റെ പതാക ഇളംമുറക്കാരൻ മനു സി പുളിക്കനിൽ ഭദ്രമാണെന്ന‌് അവർക്കറിയാം. 
 ചൊവ്വാഴ‌്ച രാവിലെ മനു എത്തുമ്പോൾ തുറവൂർ മഹാക്ഷേത്രാങ്കണം നവമിത്തിരക്കിൽ. ക്ഷേത്ര ഭാരവാഹികളെത്തി സ്വാഗതമോതി. വഴിപാടിനുംമറ്റും വരിനിന്നവർ സ്ഥാനാർഥിയെ അതിവേഗം തിരിച്ചറിഞ്ഞു. ക്ഷേത്രമുറ്റത്തും ആൽത്തറയിലും ഒക്കെ പരിചിതമുഖങ്ങൾ ഏറെ. കുടുംബാംഗങ്ങളെ പരിചയപ്പെടുത്താനും വിശേഷങ്ങൾ പങ്കുവയ‌്ക്കാനും അവരെത്തി. ക്ഷേത്രത്തിൽനിന്ന‌് ഇറങ്ങുമ്പോഴാണ‌് എഴുപുന്ന സപ‌്തഗിരി ശ്രീജിത്തിന്റെയും സജിതയുടെയും മകൻ ആഗ്നേയന്റെ  ചോറൂണ‌് ചടങ്ങിലേക്ക‌് ക്ഷണിക്കുന്നത‌്. സന്തോഷത്തോടെ കുഞ്ഞിന് ചോറുവാരി നൽകി. അവിടെനിന്ന‌് സെന്റ്‌ ജോസഫ‌് കോൺവെന്റിലേക്ക‌്. 
  പുത്തൻകാവിൽ തൊഴിലുറപ്പ‌് തൊഴിലാളികൾ ഊഷ്‌മള വരവേൽപാണ്‌ നൽകിയത്‌. പുത്തൻനികർത്തിൽ കാർത്യായനിയും മേരിയും കരംഗ്രഹിച്ച‌് മനുവിനെ അനുഗ്രഹിച്ചു. ജയിച്ചു വരണം എന്ന വാക്കുകളോടെ. വളാന്തറ–- കാരളംതോട‌് റോഡ‌് നിർമാണത്തിന‌് ഇടപെടണമെന്നായി തൊഴിലാളികൾ. പഞ്ചായത്ത‌് പ്രസിഡന്റ‌് അനിത സോമനുമായി പ്രശ‌്നം ചർച്ചചെയ്‌തു. പിന്നീട‌് പുത്തൻകാവിലേക്ക‌്. തിരികെ വരുമ്പോൾ ബിഷപ്‌ പീറ്റർ ചേന്നംപറമ്പിലിന്റെ തറവാട്ടിലും കയറി. 
  യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ‌്മാൻ പള്ളിത്തോട‌്, ഇല്ലിക്കൽ കടവ‌്, വളമംഗലം, എരമല്ലൂർ പ്രദേശങ്ങളിലും എൻഡിഎ സ്ഥാനാർഥി പ്രകാശ‌്ബാബു പെരുമ്പളത്തും പര്യടനം നടത്തി.  
പ്രധാന വാർത്തകൾ
 Top