14 April Wednesday

സൂക്ഷിക്കണം 
രോഗികള്‍ വീണ്ടും കൂടുന്നു

സ്വന്തം ലേഖകന്‍Updated: Friday Apr 9, 2021
ആലപ്പുഴ
ജില്ലയിൽ വ്യാഴാഴ്‌ച 241 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്‌ചയ്‌ക്കിടയിൽ ആദ്യമായാണ് ഇരുന്നൂറിലേറെ രോഗികൾ. ഏപ്രിൽ തുടങ്ങി എട്ടുദിവസത്തിൽ മാത്രം ജില്ലയിൽ 1026 പേർക്ക് കോവിഡ് ബാധിച്ചു. തുടർച്ചയായി നാലാംദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം നൂറിലേറെ ആകുന്നത്. 110, 165, 157 എന്നിങ്ങനെയായിരുന്നു  മൂന്നുദിവസത്തെ പ്രതിദിന രോഗികൾ. 
വ്യാഴാഴ്‌ചത്തെ രോ​ഗികളിൽ ഒരാൾ വിദേശത്തുനിന്നും നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 236 പേർക്ക് സമ്പർക്കബാധയാണ്‌. ആകെ രോ​ഗികളുടെ 97 ശതമാനമാണ് സമ്പർക്കബാധ. രോ​ഗമുക്തർ വ്യാഴാഴ്‌ച കുറഞ്ഞു. 119 പേരുടെ പരിശോധനാ ഫലമാണ് നെ​ഗറ്റീവായത്. ജില്ലയിലെ ആകെ രോ​ഗികളുടെ എണ്ണം 82,365 ആയി. സമ്പർക്കത്തിലൂടെ 77,283 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ആകെ 81,377 പേർ രോഗമുക്തരായി. 1649 പേർ ചികിത്സയിലുണ്ട്. കോവിഡ് ബാധിച്ച് നിലവിൽ 77 പേർ ചികിത്സയിലും 132 പേർ കോവിഡ് ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും 615 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ആകെ 6066 പേരാണ് ക്വാറന്റൈനിലുള്ളത്. മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്നുകേസ് രജിസ്‌റ്റർ ചെയ്‌തു, രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു.  
കൂടുതല്‍ സെക്‌ടറല്‍ ഓഫീസര്‍മാര്‍ 
ആലപ്പുഴ
ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ 100 സെക്‌ടറൽ ഓഫീസർമാരെക്കൂടി നിയമിക്കും. കലക്‌ടർ എ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. വരുംദിവസങ്ങളിൽ കർശന നിയന്ത്രണം  നടപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജെ ജയദേവ് പറഞ്ഞു. 
ആലപ്പുഴ ബീച്ചിലും നഗരസഭയുടെ വിവിധ ഭാഗങ്ങളിലും സെക്‌ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ തുടങ്ങും. കല്യാണവീട്, ഉത്സവസ്ഥലം, പള്ളികൾ, പെരുന്നാൾ സ്ഥലങ്ങൾ എന്നിവിടങ്ങളും പരിശോധിക്കും. വാക്‌സിനേഷനുകളുടെ എണ്ണം കൂട്ടും. ആർടിപിസിആർ ടെസ്‌റ്റും വർധിപ്പിക്കും. 
ടൂറിസം മേഖല കേന്ദ്രീകരിച്ച് പുന്നമടയിലും കെഎസ്ആർടിസി സ്‌റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്രത്യേക പരിശോധനാ സൗകര്യം ഒരുക്കും. പഞ്ചായത്ത് തല ജാഗ്രതാസമിതി ശക്തിപ്പെടുത്തും. ബീച്ചിൽ പത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്കും 60 വയസിൽ കൂടുതലുള്ളവർക്കും നിയന്ത്രണം ഏർപ്പെടുത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top