24 October Thursday
ഷാപ്പുതൊഴിലാളിയെകൊന്ന്‌ ഫ്രീസറിൽവച്ചു

പ്രതിക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

പ്രതി പ്രദീപ്തായ്

ആലപ്പുഴ
തകഴി കേളമംഗലം കള്ളുഷാപ്പിൽ തൊഴിലാളിയെ കൊലപ്പെടുത്തി  ഫ്രീസറിൽ വച്ച കേസിൽ പ്രതി അസം സ്വദേശി പ്രദീപ് തായ്‌ക്ക്‌ (ആകാശ് തായ്–-24) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എ ഇജാസാണ് ശനിയാഴ്‌ച പകൽ മൂന്നിന് വിധിപറഞ്ഞത്.
പ്രതി കുറ്റക്കാരനാണെന്ന് രാവിലെ  കോടതി കണ്ടെത്തി. 2015 ജൂലൈ 10ന് ഷാപ്പിലെ പാചകക്കാരൻ മുട്ടാർ വലിയപറമ്പിൽ വീട്ടിൽ രാമചന്ദ്രനെയാണ് പ്രദീപ് തായ് കൊലപ്പെടുത്തിയത്. രണ്ടുലക്ഷം രൂപ രാമചന്ദ്രന്റെ ബന്ധുക്കൾക്ക് നൽകണം. പിഴയടക്കാതിരുന്നാൽ ഒരുവർഷം കഠിനതടവും അനുഭവിക്കണം. 
ജോലിചെയ്യാതെ പതിവായി മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ പേരിൽ രാമചന്ദ്രൻ പ്രദീപ്തായെ പലപ്പോഴും താക്കീത് ചെയ്‌തിരുന്നു. അതിന്റെ വൈരാഗ്യത്തിൽ രാമചന്ദ്രനെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ വച്ചു. ശേഷം നാട്ടിലേക്ക് പോയെന്നാണ് എടത്വാ പൊലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന കേസ്. പ്രതിയെ അസമിലെത്തി പിടികൂടി കേരളത്തിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. 
മാന്നാർ സിഐ ആയിരുന്ന ഷിബു പാപ്പച്ചന്റെ നേത‌ൃത്വത്തിലായിരുന്നു അന്വേഷണം. 30 സാക്ഷികളെ വിസ്‌തരിച്ച കോടതി 23 പ്രമാണങ്ങളും 17 തൊണ്ടിമുതലും പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി കെ രമേശൻ, പി പി ബൈജു എന്നിവർ ഹാജരായി.
പ്രധാന വാർത്തകൾ
 Top