മങ്കൊമ്പ്
ഏതുവിധേനയും പണം സമ്പാദിക്കാനുള്ള വഴിയല്ല പൊതുപ്രവർത്തനമെന്ന് മന്ത്രി സജി ചെറിയാൻ. മന്ത്രിമാരുടെ നേതൃത്വത്തിൽ കുട്ടനാട് താലൂക്കുതല പരാതിപരിഹാര അദാലത്ത് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. എല്ലാവരെയും കേൾക്കാൻ സന്നദ്ധമാകുന്നത് നല്ല വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഉദ്യോഗസ്ഥർ അതിലേക്ക് മാറണം. കുട്ടനാട് പാക്കേജിന്റെ രണ്ടാംഭാഗം നടപ്പാക്കുമ്പോൾ വകുപ്പുകളുടെ ഏകോപനം വേണം. വലിയ മാറ്റമാണ് വികസനരംഗത്ത് നടക്കുന്നത്. കുട്ടനാട് കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിക്കിടക്കുന്ന നല്ലൊരു ശതമാനം ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകൾക്ക് കഴിഞ്ഞെന്ന് യോഗത്തിൽ അധ്യക്ഷനായ മന്ത്രി പി പ്രസാദ് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ജനോപകാരപ്രദമായി വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർ പരിശീലിക്കണം. ജനങ്ങൾക്ക് ആനുകൂല്യം നിഷേധിക്കരുതെന്നും കുട്ടനാട്ടിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹരിക്കാനും ജൂലൈയിൽ ഒരു ദിവസം യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
തോമസ് കെ തോമസ് എംഎൽഎ, കലക്‌ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ജി ജലജകുമാരി, എസ് അജയകുമാർ, എം സി പ്രസാദ്, ബിന്ദുമോൾ, ടി കെ തങ്കച്ചൻ, ഗായത്രി ബി നായർ, എഡിഎം എസ് സന്തോഷ്‌കുമാർ, ഡെപ്യൂട്ടി കലക്‌ടർ ബി കവിത, തഹസിൽദാർ എസ് അൻവർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..