20 April Tuesday
പേമാരി , ചുഴലിക്കാറ്റ് , മിന്നൽ

ഞൊടിയിടയിൽ !

സ്വന്തം ലേഖകർUpdated: Thursday Apr 8, 2021

മണ്ണഞ്ചേരി പതിനേഴാം വാർഡിലെ പി രാജീവിന്റെ വീടിനുമുകളിലേയ‍്ക്ക് ശക്തമായ കാറ്റിൽ കടപുഴകി വീണ മരം

ആലപ്പുഴ
ബുധനാഴ്‌ച ആലപ്പുഴ നഗരത്തിലടക്കം ശക്തമായ മഴയും കാറ്റും. മണ്ണഞ്ചേരിയിൽ ചുഴലിക്കാറ്റ്‌ വീശി. മരങ്ങൾ കടപുഴകി പലയിടത്തും ഗതാഗതം നിലച്ചു.
 നഗരത്തിലടക്കം വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വൈകിട്ട്‌ ആറോടെയാണ്‌ നഗരത്തിൽ മഴ തുടങ്ങിയത്‌. ഉൾപ്രദേശങ്ങളിൽ പലയിടത്തും ശക്തമായ കാറ്റും വീശി. 
ചെങ്ങന്നൂരടക്കമുള്ള ഭാഗങ്ങളിലും വൈകിട്ട്‌ ശക്തമായ മഴ പെയ്‌തു. കലവൂരിൽ ദേശീയപാതയോരത്തെ വൻമരം കാറിന് മുകളിലേക്ക് കടപുഴകിവീണു. യാത്രക്കാർക്ക്‌ പരിക്കുണ്ട്‌. 
 

ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു‌‌

മണ്ണഞ്ചേരി 
ബുധനാഴ്‌ച സന്ധ്യക്കുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും  മഴയിലും മണ്ണഞ്ചേരിയിൽ വ്യാപക നാശനഷ്‌ടം.
 നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. 17, 18 വാർഡുകളിലെ വലിയവീട്, ചിയാംവെളി, വാഴപ്പള്ളി, ഞാണ്ടിരിക്കൽ പ്രദേശത്താണ് കൂടുതൽ നാശനഷ്‌ടം.  വൈദ്യുത പോസ്‌റ്റുകൾ തകർന്നു. വ്യാപകമായ കൃഷിനാശവുമുണ്ടായി.
17–-ാം വാർഡ് വാഴപ്പള്ളി അമ്മിണി, പ്രിയ ഭാഷിണി, ചക്കാലച്ചിറ ചന്ദ്രവല്ലി, ചക്കാലി മനോഹരൻ, മറ്റത്തിൽ സതീശൻ, വിജയലക്ഷ്‌മി സദനം അജിത് എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.
  19–--ാം വാർഡിൽ ഉമാശേരി സുകുമാരിയമ്മ, കാട്ടുചിറ മനോജ്, പരുത്തിക്കാട് തങ്കച്ചൻ, 18–-ാം വാർഡിൽ അറുനിലത്ത് അഭിലാഷ്, 20–-ാം വാർഡിൽ മരോട്ടിച്ചുവട് നൗഷാദ് എന്നിവരുടെ വീടുകളും മരം വീണ് തകർന്നു. തളർന്ന്‌ കിടപ്പിലായ രോഗിയാണ് നൗഷാദ്. നൗഷാദിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. 
നാലാം വാർഡ് വെളിയിൽ വി പി ചിദംബരന്റെ വീടിന്‌ മുകളിലും മരം വീണു.
ആലാഞ്ചേരിയിൽ ലതയുടെ വീട്ടുവളപ്പിൽ വാർത്തിട്ട കിണർ റിങ്ങുകൾ മരം വീണ്‌ തകർന്നു. ഇതിലെ വരുമാനമായിരുന്നു ഇവരുടെ ആശ്രയം. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
വിവിധ പ്രദേശങ്ങളിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി മരങ്ങൾ വെട്ടിമാറ്റി.
 

മരം വീണ് കാർ തകർന്നു

മാരാരിക്കുളം
ശക്തമായ കാറ്റിൽ കലവൂരിൽ ദേശീയ പാതയോരത്തെ വൻമരം കാറിന് മുകളിലേക്ക് കടപുഴകി വീണു. 
യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ ഗതാഗതം രണ്ടര മണിക്കൂറോളം തടസ്സപ്പെട്ടു.
 കലവൂർ തെക്ക് കയർബോർഡിന്  സമീപം ബുധനാഴ്‌ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. റോഡിന് കിഴക്ക് ഭാഗത്ത് നിന്ന വലിയ തണൽമരമാണ് ചുവട് പറിഞ്ഞ് റോഡിലേക്ക് വീണത്. ഈ സമയം റോഡിലൂടെ പോയ കാറിന് മുകളിലേക്കാണ് മരം വീണത്. 
 കാറിന്റെ പിൻസീറ്റ്‌ഭാഗം പൂർണമായും തകർന്നു. യാത്രക്കാർ മുൻസീറ്റിലായിരുന്നതിനാൽ  വേഗം  വാതിൽ തുറന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. മരത്തിന്റെ ചുവട്ടിലുണ്ടായിരുന്ന പച്ചക്കറിക്കടയ്‌ക്കും സമീപത്തെ മറ്റൊരു ഷെഡിനും നാശമുണ്ടായി. 
റോഡിന്റെ ഇരുവശങ്ങളിലുമുള്ള  വൈദ്യുതി  കമ്പികളും പൊട്ടി. 
 ആലപ്പുഴയിൽനിന്നും ചേർത്തലയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ രണ്ടരമണിക്കൂറോളം പ്രയത്നിച്ചാണ് മരത്തിന്റെ കമ്പുകൾ മുറിച്ചുമാറ്റി ഗതാഗതം സാധ്യമാക്കിയത്. 
ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങളിൽനിന്ന്‌ പുറത്തിറങ്ങിയ യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വാഹനങ്ങൾ ഇടറോഡുകളിലൂടെ പൊലീസ് തിരിച്ചുവിട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top