15 May Saturday

ആത്മവിശ്വാസത്തോടെ എൽഡിഎഫ്‌

പ്രത്യേക ലേഖകൻUpdated: Thursday Apr 8, 2021
 
ആലപ്പുഴ
തുടർഭരണത്തിന്‌ മികച്ച സംഭാവന ജില്ലയിൽനിന്നാകുമെന്ന‌ ആത്മവിശ്വാസവുമായി എൽഡിഎഫ്‌. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാരിൽ വൻ സ്വാധീനം ചെലുത്തിയതായി ബൂത്തുതലത്തിൽ കേന്ദ്രീകരിച്ച പ്രവർത്തകർ വിലയിരുത്തുന്നു.
      വികസനത്തിലൂന്നിയ എൽഡിഎഫ്‌ പ്രചാരണം വോട്ടർമാരെ ബൂത്തിലെത്തിച്ചു. അതിനാൽ ശതമാനം കൂടുന്നതും കുറയുന്നതും മുന്നണിയെ ഗണ്യമായി ബാധിക്കില്ല.
 പുതിയ തലമുറയിലെ വോട്ടർമാർ തുടർഭരണത്തിലൂടെ വികസനത്തുടർച്ച ആഗ്രഹിക്കുന്നതായും വിലയിരുത്തലുണ്ട്‌.
    കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ കണക്കും ആത്മവിശ്വാസം കൂട്ടുന്നു. അഞ്ചുമാസം മുമ്പ്‌  തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പത്‌ മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. 2016 ൽ എട്ടിടത്ത്‌ വിജയിച്ചു‌.  2011ലും കാര്യമായ വ്യത്യാസമുണ്ടായില്ല. ഇങ്ങനെ അടിത്തറ ഉറച്ച‌  ഇടതു മണ്ണിൽ വലിയ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ പ്രതീക്ഷിക്കുന്നത്‌.
    ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട അരൂരും തുടർ ഭരണത്തിനായി ഇടത്തേക്കെത്തുമെന്നാണ്‌ സൂചന. 
പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ജനവിധി തേടുന്ന ഹരിപ്പാട്ടും അവസാന ദിവസങ്ങളിൽ വലിയ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ നടത്തിയത്‌.  ബിജെപി വോട്ടുകൾ ഉറപ്പിച്ചതാണ്‌ ഇവിടെ യുഡിഎഫ്‌ പ്രതീക്ഷയുടെ അടിസ്ഥാനം. 
എന്നാൽ ഇതിനെയും മറികടന്നാൽ അത്‌ഭുതപ്പെടേണ്ടതില്ലെന്ന്‌ എൽഡിഎഫ്‌ കണക്കുകൂട്ടുന്നു.
  ഒമ്പത്‌ മണ്ഡലങ്ങളിലും ചിട്ടയോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എൽഡിഎഫിനായി.  വോട്ടെടുപ്പ്‌ അവസാനിക്കുന്നതുവരെ  ആ ജാഗ്രത നിലനിർത്താനുമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top