28 May Thursday

അടിയന്തര സാഹചര്യം നേരിടാന്‍ ആലപ്പുഴ സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
ആലപ്പുഴ
കോവിഡ്‌ 19 മൂലമുണ്ടാകുന്ന ഏത്‌ അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണസംവിധാനവും ആരോഗ്യവകുപ്പും സജ്ജം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി (800 കിടക്ക), ഹരിപ്പാട് താലൂക്ക് ആശുപത്രി(150 കിടക്ക) എന്നിവ ‍കോവിഡ് ആശുപത്രികളാക്കി. ഹരിപ്പാട് ആശുപത്രിയിൽ 24മുറികൾ, ആറ് ഐസിയു ബെഡ് എന്നിവയും മെഡ‍ിക്കൽ കോളേജിൽ 46 മുറികളും 130 ഐസിയു ബെഡുമുണ്ട്. 
 ലബോറട്ടറി, പ്രത്യേക പ്രസവ മുറി, ഓപ്പറേഷൻ തിയറ്റർ എന്നിവയുമുണ്ട്. 
നിലവിലുള്ള ഐസൊലേഷൻ സൗകര്യങ്ങള്‍ക്ക് പുറമേയാണ് ക്രമീകരണങ്ങള്‍. 
 ആലപ്പുഴ ജനറൽ ആശുപത്രി, ചേർത്തല, തുറവൂർ, മാവേലിക്കര താലൂക്ക് ആശുപത്രി, കായംകുളം ആശുപത്രി എന്നിവിടങ്ങളിലും ഐസൊലേഷൻ സൗകര്യങ്ങളുണ്ട്‌.  ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകളും തയ്യാറാണ്‌. ഓരോ ബ്ലോക്കിലും ഒരുസ്ഥാപനം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. കായംകുളം എൽമെക്‌സ്‌ ആശുപത്രിയില്‍ 120 റൂമുകളും 16 ബെഡുകളുമുള്ള ഐസിയു സജ്ജമാണ്. മുളക്കുഴ സെഞ്ച്വറി ആശുപത്രിയിൽ 70 മുറികളുണ്ട്.
വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ താമസിപ്പിക്കാൻ 12 കോവിഡ് കെയർ സെന്ററുകൾ ജില്ലയിലുണ്ട്‌. 405 മുറികളിലായി  83 പേർ നിരീക്ഷണത്തിലുണ്ട്‌. പുരവഞ്ചികൾ കോവിഡ് കെയർ സെന്ററുകളാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് കലക്‌ടർ എം അഞ്ജന പറഞ്ഞു. മെഡിക്കൽ കോളേജിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും നിലവിലുള്ള ബെഡുകൾ പകുതിയോളം നിറഞ്ഞാൽ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാകും. ഐഎംഎ, വിരമിച്ച ആരോഗ്യവകുപ്പിലെ ജീവനക്കാർ തുടങ്ങിയവരെ ഇവിടെ നിയമിക്കും.  
ഡോക്‌ടർമാരെക്കൂടാതെ 679 നഴ്സിങ് സ്‌റ്റാഫും 2,066 ആശാവർക്കർമാരുമാണ്‌ പ്രതിരോധ പ്രവർത്തനങ്ങളിലുള്ളത്.  35 ഡ്രൈവർമാരെയും 14 ആംബുലൻസുകളും പ്രവർത്തിക്കുന്നുണ്ട്‌. കൂടുതല്‍ എൻ95, പിപിഇ കിറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top