28 May Thursday

മണ്ണിൽ തുടങ്ങാം ലോക്ക്‌ഡൗണില്ല കൃഷിക്ക്‌

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020

സി എസ് സുജാതയും ഭർത്താവ് ബേബിയും കൃഷിത്തോട്ടത്തിൽ

ചാരുംമൂട്
തിരക്കൊഴിഞ്ഞ ലോക്ക്‌ഡൗൺകാലത്ത്‌ വള്ളികുന്നം എ ജി ഭവനിൽ ക‌ൃഷിയിൽ സജീവമാവുകയാണ്‌ മുൻ എംപി സി എസ് സുജാതയും കൊല്ലം റെയിൽവേ മജിസ്ടേറ്റ് ജി ബേബിയും. വീടിനോട്‌ചേർന്ന 65 സെന്റിലെ കൃഷി ശാസ്ത്രീയമാറ്റങ്ങളൊടെ വിപുലപ്പെടുത്തുകയാണിവർ.
പുലർച്ചെ 5.30ന് ഇരുവരും കൃഷിയിടത്തിലെത്തും. വെയിലിന്‌ കാഠിന്യമേറുവോളം തൈകൾ നനച്ചും തടമെടുത്തും കൃഷിയിടത്തിൽ. വിശ്രമത്തിനുശേഷം വെയിൽകുറഞ്ഞാൽ വീണ്ടും പറമ്പിലേയ്‌ക്ക്‌. തെങ്ങ്, ചേന, കാച്ചിൽ, ചേമ്പ്, നനകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, പയർ, ചീര, കുരുമുളക്, നാടൻ പപ്പായ, റെഡ് ലേഡി പപ്പായ, ഫാഷൻ ഫ്രൂട്ട് എന്നിവയാണ് ക‌ൃഷി. വിവിധയിനം വാഴകളുമുണ്ട്. മകൾ കാർത്തിക അട്ടപ്പാടിയിൽനിന്ന് കൊണ്ടുവന്നതാണ് തൈകളിലേറെയും.
മാവും പ്ലാവും ആഞ്ഞിലിയും പുളിയും തെറ്റിയും മന്ദാരവും മുല്ലയും പിച്ചിയും നന്ദ്യാർ വെട്ടവുമെല്ലാം പറമ്പിലുണ്ട്‌. അതിനാൽ വിരുന്നെത്തുന്ന പക്ഷികളുമേറെ. ഇവയ്‌ക്കായി കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. സുജാതയുടെ അച്ഛൻ ചേന്നങ്കര തെക്കതിൽ രാമചന്ദ്രൻ നായർ കർഷകനും ദീർഘകാലം വള്ളികുന്നം ക്ഷീരോൽപ്പാദക സംഘം പ്രസിഡന്റുമായിരുന്നു.
പ്രധാന വാർത്തകൾ
 Top