28 May Thursday

ലോക്ക്‌ഡൗൺ ഫുൾ കളറാണ്‌

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020
ആലപ്പുഴ
ബോറടി മാറ്റാൻ പാട്ട്‌ മാത്രമല്ല,  കഥോത്സവവും ഫോട്ടോഗ്രാഫി മത്സരവും ചിത്രരചനയും തുടങ്ങി അനേകം വൈവിധ്യങ്ങളാണ്‌ നവമാധ്യമങ്ങളിൽ. വീടുകളിൽ പൊടുന്നനെ അടച്ചിടപ്പെട്ടപ്പോൾ മടുപ്പിലായവർക്ക്‌  മാനസികോല്ലാസം പകരാൻ ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ ഒരുക്കിയ ഓൺലൈൻ കലാപരിപാടികളും മത്സരങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്‌. 
 സംസ്ഥാനകമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ ‘ബോറടി പാട്ടിനു പോട്ടേ’... എന്ന ക്യാമ്പയിനിൽ പ്രമുഖ ഗായകർ ലൈവിലെത്തി ഗാനാലാപനം നടത്തുന്നുണ്ട്‌. ടിക്‌ടോക്‌, ഹലോ തുടങ്ങിയ വീഡിയോ അധിഷ്‌ഠിത സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്‌ഐയുടെ ലോക്ക്‌ഡൗൺ പരിപാടികൾ തരംഗമാവുകയാണ്‌. 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ‘കഥോത്സവം’ എന്ന പേരിൽ ചെറുകഥാ മത്സരമാണ്‌ ഒരുക്കിയത്‌. ‘അതിരുകളും മനുഷ്യനും’ എന്നതാണ്‌ വിഷയം. സാഹിത്യകാരൻ ബെന്യാമിനും യുവഎഴുത്തുകാരൻ ജി നിധീഷും കഥകൾ വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കും. dyfialppydc@gmail.com എന്ന ഇ -മെയിലിലേക്കാണ്‌ സൃഷ്‌ടികൾ അയക്കേണ്ടത്‌. മുളക്കുഴ നോർത്ത് മേഖലാ കമ്മിറ്റി ഫെയ്‌സ്‌ബുക്ക് പേജിൽ എട്ടിന്‌ രാത്രി എട്ടിന്‌ നാടൻപാട്ട് കലാകാരൻ സത്യൻ കോമല്ലൂർ പ്രേക്ഷകർ ആവശ്യപ്പെടുന്ന പാട്ടുകളുമായെത്തും. 
 അടുത്തദിവസം എണ്ണക്കാട് മേഖലാ കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിൽ രാത്രി ഒമ്പതിന്‌ ഗായകൻ സിദ്ധാർഥ മേനോനാണ്‌ ലൈവിലെത്തുക. അരൂർ മേഖലാ കമ്മിറ്റി മൊബൈൽ ഫോട്ടോഗ്രാഫി മത്സരമാണ് നടത്തുന്നത്‌. ആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റി കുട്ടികൾക്കായുള്ള ഓൺലൈൻ ചിത്രരചനാ മത്സരവുമായണ്‌ രംഗത്തുള്ളത്‌. 
മുല്ലക്കൽ മേഖലാ കമ്മിറ്റി ലോക്ക് ഡൗൺ കാലത്തെ പാചക പരീക്ഷണങ്ങളുടെയും  വ്യത്യസ്തമായ പ്രവർത്തനങ്ങളുടെയും വീഡിയോ അയക്കുന്ന മത്സരവുമായി രംഗത്തുണ്ട്‌. നെടുമുടി മേഖലാ കമ്മിറ്റി തുണിസഞ്ചി നിർമാണവും ഫോട്ടോഗ്രാഫി മത്സരവും നടത്തും. ഓൺലൈൻ പാട്ട് മത്സരമാണ്‌ പുന്നപ്ര ഭഗവതിക്കൽ യൂണിറ്റിന്റെ കൊറോണ കാലത്തെ അരങ്ങ്‌. 
 ദിവസേന വ്യത്യസ്തങ്ങളായ പരിപാടികളുമായി ഇതരസംഘടനകളും സ്ഥാപനങ്ങളും രംഗത്തുണ്ട്‌. കുട്ടികൾക്ക്‌ വേണ്ടിയുള്ള കലാമത്സരങ്ങൾ, ഓൺലൈൻ മത്സരപരീക്ഷകൾ, പ്രണയലേഖന മത്സരം, കലാപരിശീലനങ്ങൾ തുടങ്ങിയ വിഭവങ്ങളുമായാണ്‌ ഇവരുടെ രംഗപ്രവേശം.
പ്രധാന വാർത്തകൾ
 Top