28 May Thursday

ആറുമാസം പഴക്കമുള്ള മീനും വിൽപ്പനയ്‌ക്ക്‌ മത്സ്യം വിഷമായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

വഴിച്ചേരി മാർക്കറ്റിൽനിന്ന്‌ നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത പഴകിയ മത്സ്യം

ആലപ്പുഴ

ആലപ്പുഴ നഗരത്തിലെ മൂന്ന്‌ മത്സ്യമാർക്കറ്റുകളിൽ ചൊവ്വാഴ്‌ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടിയത് 1674 കിലോ മത്സ്യം. ഫോർമാലിനടക്കമുള്ള രാസപദാർത്ഥങ്ങൾ കലർത്തി വിൽപ്പനയ്‌ക്ക്‌ എത്തിച്ച മത്സ്യങ്ങളിൽ ആറു മാസത്തിലേറെ പഴക്കമുള്ളവയും കണ്ടെത്തി. ചൂര, കേര ഇനങ്ങളിൽപ്പെട്ട മത്സ്യത്തിനാണ്‌ കൂടുതൽ പഴക്കം കണ്ടെത്തിയത്‌. പലതും ഉള്ളിൽ പുഴുവരിക്കുന്ന നിലയിലായിരുന്നു. ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചായം തേച്ച് പുതിയ മത്സ്യമെന്ന് കബളിപ്പിച്ചായിരുന്നു വിൽപ്പന. പിടികൂടിയ മത്സ്യങ്ങൾ കുഴിച്ച് മൂടി.
 കഴിഞ്ഞ ദിവസം റോഡരുകിലെ മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ രസപദാർഥങ്ങൾ കലർത്തിയ 750 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ലോക് ഡൗൺ നിലനിൽക്കുകയാണങ്കിലും ചരക്കുകടത്തിന് നൽകിയ ഇളവിന്റെ മറവിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഷമത്സ്യം യഥേഷ്‌ടം കേരളത്തിലേയ്‌ക്ക്‌ കൊണ്ടുവരുന്നത്. മത്സ്യവിൽപ്പനക്കാരുടെ അറിവോടെയാണ്‌ കച്ചവടം. 
 രാസപദാർത്ഥങ്ങൾ കലർത്തിയ മത്സ്യം ഏറെയും വിറ്റഴിക്കുന്നത് ഇരുചക്രവാഹനങ്ങളിൽ എത്തിച്ചാണ്. ഇടറോഡുകളിലും മറ്റുമാണ് വിൽപ്പനയെന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമല്ല.  ചൊവ്വാഴ്‌ചത്തെ പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ എസ് ഹർഷിത്, ബി അനിൽകുമാർ, അർ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ വി ശിവകുമാർ, പി ജയകുമാർ, എ ഹനീഫ്, സി വി രഘു എന്നിവർ പങ്കെടുത്തു.
അമ്പലപ്പുഴ
വളഞ്ഞ വഴി ജങ്‌ഷന് തെക്കുഭാഗത്തെ ഷെഹാൻ ഐസ് പ്ലാന്റിലെത്തിയ ഇൻസുലേറ്റഡ്  വാനിൽ നിന്ന്‌ 2700 കിലോ ‘ഓലത്തള’ മത്സ്യം പിടികൂടി. മൂന്നു മാസത്തോളം പഴക്കമുള്ള മത്സ്യം ദുർഗന്ധം വമിക്കുന്നതായിരുന്നു. 
ഷെഹാൻ ഐസിന്റെ അധീനതയിലുള്ള ഒ എം ആർ ഫിഷറീസ് എന്ന സ്ഥാപനമുടമ വളഞ്ഞവഴി സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. 
 മത്സ്യം പിന്നീട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുഴിച്ചുമൂടി. ഫിഷറീസ് എസ് ഐ എം ദീപു, ഭക്ഷ്യ സുരക്ഷാ വിഭാഗം അമ്പലപ്പുഴ സർക്കിൾ ഓഫീസർ ജിഷാ രാജ്, കുട്ടനാട് സർക്കിൾ ഓഫീസർ ചിത്രാ മഞ്ജു തോമസ്, ഓഫീസ് അസിസ്‌റ്റന്റ് ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top