28 March Tuesday

സഹായവാഗ്‌ദാനം നൽകി വൃദ്ധയുടെ 
സ്വർണം അപഹരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
ആലപ്പുഴ 
ചാരിറ്റി സംഘടനയിൽനിന്ന് ധനസഹായം വാഗ്‌ദാനം നൽകി വീട്ടമ്മയുടെ സ്വർണം അപഹരിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 14–--ാം വാർഡിൽ ആപ്പൂർവെളിയിൽ ഷെരീഫയുടെ (60) സ്വർണമാണ്‌ നഷ്‌ടപ്പെട്ടത്‌. തിങ്കൾ പകൽ​ 1.30ന്​ ആലപ്പുഴ പ്രൈവറ്റ് ബസ്​ സ്‌റ്റാൻഡിലാണ്‌ സംഭവം. പെൻഷൻ ആവശ്യത്തിന്​ കയർതൊഴിലാളി ക്ഷേമനിധി ഓഫീസിൽ പോയശേഷം വീട്ടിലേക്ക്​ മടങ്ങാൻ ബസ്​ കാത്തുനിൽക്കുന്നതിനിടെയാണ്​ മാസ്‌ക്‌ ധരിച്ചയാളും സഹായിയും ഷെരീഫയെ സമീപിച്ചത്.​ വിദേശത്തെ ചാരിറ്റി സംഘടനവഴി ഭർത്താവ് മരിച്ച നിർധന വീട്ടമ്മമാർക്ക് രണ്ടുലക്ഷം രൂപ സഹായം നൽകുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും ഇവർ​ ഷെരീഫയെ ധരിപ്പിച്ചു. രണ്ടുലക്ഷം രൂപയുടെ സഹായം ലഭിക്കാൻ പകൽ 3.30നകം 8000 രൂപ അയച്ചുനൽകണമെന്ന്​ പറഞ്ഞു. 8000 രൂപ ഇല്ലാതിരുന്നതിനാൽ ഷെരീഫ പണയം വയ്‌ക്കാൻ  മുക്കാൽപവനോളമുള്ള കമ്മൽ ഊരി നൽകി. ചൊവ്വ രാവിലെ പണം വാങ്ങാൻ സ്‌റ്റാൻഡിലെത്തണ​മെന്ന്​ പറഞ്ഞ്​ ഷെരീഫയെ ബസിൽ കയറ്റിവിട്ടശേഷം ഇവർ മുങ്ങി. 
 പിറ്റേന്ന്‌ പണം വാങ്ങാൻ ഏറെനേരം കാത്തിരുന്ന ഇവർക്ക്‌ പിന്നീടാണ്​ തട്ടിപ്പിനിരയായെന്ന്​ ബോധ്യമായത്​. സമീപത്തുണ്ടായിരുന്ന സ്വകാര്യബസ്​ ജീവനക്കാരും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും ഇട​പെട്ട്​ നോർത്ത്​ പൊലീസിൽ പരാതി നൽകി. 
 പ്രൈവറ്റ്​ ബസ്​ സ്‌റ്റാൻഡ്​ കേന്ദ്രീകരിച്ച്​ തട്ടിപ്പ്–-​​-മോഷണസംഘങ്ങൾ താവളമടിക്കുകയാണെന്ന്​ ബസ്​ ഉടമ സംഘടനയായ കെബിടിഎ ആരോപിച്ചു. ​സ്‌റ്റാൻഡിൽ പൊലീസ്​ എയ്​ഡ്​പോസ്‌റ്റ്‌​ ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്​. വല്ലപ്പോഴും പിങ്ക്​ പൊലീസ്​ മാത്രമാണ്​ എത്തുന്നത്​. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം സ്‌റ്റാൻഡിലെത്തിയ പെൺകുട്ടികളുടെ മൊബൈൽഫോൺ തട്ടിപ്പറിച്ച സംഭവവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top