Deshabhimani

കരളുടഞ്ഞ്‌ ആൽവിന്റെ കലാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:24 AM | 0 min read

 

അമ്പലപ്പുഴ
സ്വപ്‌നങ്ങളെല്ലാം ബാക്കി വെച്ച്‌ നിലയ്ക്കാത്ത തേങ്ങലുകൾക്കിടയിൽ നിശ്ചലനായി ആൽവിൻ ക്യാമ്പസിൽനിന്ന്‌ പടിയിറങ്ങി. കളർകോട്‌ കെഎസ്‌ആർടിസി ബസും ടവേരയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ എടത്വ പള്ളിച്ചിറ വീട്ടിൽ ആൽവിൻ ജോർജിന്‌ (20) ഗവ. ടി ഡി മെഡിക്കൽ കോളേജ്‌​ ക്യാമ്പസിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്. 
കോളേജിലെ പൊതുദർശനത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അപകടത്തിൽ ആൽവിനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചു സുഹൃത്തുക്കൾ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽനിന്ന്  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  വ്യാഴം വൈകിട്ട് 4.30ഓടെ മരിച്ചു.
വെള്ളി രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിൽ പൊതുദർശനത്തിന് വെച്ചത്. മന്ത്രി പി പ്രസാദ്, ആരോഗ്യ മന്ത്രി വീണാ ജോർജിനു വേണ്ടി എച്ച് സലാം എംഎൽഎ, കലക്ടർ അലക്സ് വർഗീസ്, പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, എ എം ആരിഫ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹാരിസ് എന്നിവർ പുഷ്പചക്രമർപ്പിച്ചു. ആൽവിന്റെ മാതാപിതാക്കളായ കൊച്ചു മോൻ ജോർജ്, മീന, സഹോദരൻ കെവിൻ ജോർജ്, മറ്റ് ബന്ധുക്കൾ, സഹപാഠികൾ എന്നിവർ വിതുമ്പലടക്കി മൃതദേഹത്തിനരികിലുണ്ടായിരുന്നു. അധ്യാപകർ, കോളേജ് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരും അന്തിമോപചാരമർപ്പിച്ചു. വെള്ളി രാവിലെ ക്യാമ്പസിലെ പൊതുദർശനത്തിന്‌ ശേഷം പകൽ 11ന്‌ എടത്വ മഹാജൂബിലി ആശുപത്രിയിലും പൊതുദർശനത്തിനുവച്ചു. ശേഷം മോർച്ചറിയിലേക്ക് മാറ്റി. ഞായർ പകൽ രണ്ടിന് എടത്വയിൽ ആൽവിൻ പഠിച്ച സെന്റ്‌ അലോഷ്യസ് സ്കൂളിൽ പൊതുദർശനത്തിനു വയ്‌ക്കും. തുടർന്ന് തലവടി പഞ്ചായത്ത്‌ എട്ടാംവാർഡ്‌ മാണത്താറ കറുകപ്പറമ്പ്‌ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കൾ രാവിലെ 9.30ന്‌ എടത്വ സെന്റ്‌ ജോർജ് ഫെറോന പള്ളിയിൽ നടക്കും.


deshabhimani section

Related News

0 comments
Sort by

Home