Deshabhimani

ലീഗും ആർഎസ്‌എസും വർഗീയ രാഷ്‌ട്രീയം കളിക്കുന്നു: സജി ചെറിയാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:15 AM | 0 min read

മാവേലിക്കര
സംസ്ഥാന സർക്കാരിനെതിരെ എല്ലാ മാർക്‌സിസ്‌റ്റ്‌ വിരുദ്ധ ശക്തികളും ഒന്നിച്ചുചേർന്നിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ പറഞ്ഞു. മുസ്ലിം ലീഗും ആർഎസ്‌എസും വർഗീയ രാഷ്‌ട്രീയം പ്രചരിപ്പിക്കുന്നു. ഇതിനായി തീവ്ര വർഗീയ ശക്തികളുമായി കൂടിച്ചേരുന്നു. മതനിരപേക്ഷത തകർത്തിട്ടായാലും അധികാരത്തിലെത്തണമെന്നാണ്‌ ഇരുകൂട്ടരും ലക്ഷ്യം വയ്ക്കുന്നത്‌. അതേസമയം ക്രിസ്‌ത്യാനികൾക്കിടയിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാൻ ആർഎസ്‌എസും ശ്രമം നടത്തുന്നു. മുസ്ലിങ്ങളെ കെട്ടിത്തൂക്കി  തല്ലിക്കൊല്ലണമെന്ന്‌ പറയുന്നയാളെ മടിയിലിരുത്തി കോൺഗ്രസ്‌ താരാട്ടുപാടുന്നു. മുസ്ലിം ലീഗിന്റെയും ആർഎസ്എസിന്റെയും വർഗീയ രാഷ്‌ട്രീയത്തിനെതിരെ  മതനിരപേക്ഷത ശക്തിപ്പെടുത്തണം–- അദ്ദേഹം പറഞ്ഞു. സിപിഐ എം മാവേലിക്കര ഏരിയ സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ ചേർന്ന പൊതുസമ്മേളനം ചെട്ടികുളങ്ങരയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ്‌ സർക്കാരിനെ ഭരിക്കാൻ അനുവദിക്കാത്ത രീതിയിൽ സാമ്പത്തികമായി തകർക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. കേന്ദ്ര പദ്ധതികൾ ബിജെപിക്കാർ സ്വന്തം പാർടിക്കാരുടെ പദ്ധതിയായി സ്വയം നടപ്പാക്കുന്നു. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ കൂട്ടായി നടപ്പാക്കേണ്ട ക്ഷേമ പദ്ധതികൾ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കൈകാര്യം ചെയ്യുകയാണ്‌. ബിജെപിയുടെ മണ്ഡലം കമ്മിറ്റിയാണോ ഇത്‌ നടപ്പാക്കേണ്ടത്‌. ഇത്‌ ജനാധിപത്യപരമായ സമീപനമല്ല. കേന്ദ്ര സഹകരണമുള്ള എല്ലാ പദ്ധതികളും മോദിയുടെ പേരിലാക്കാനാണ്‌ നീക്കം. ഇത്തരം ബ്രാൻഡിങ്‌ കേരളത്തിൽ നടപ്പാക്കില്ല. 
ഇവിടെനിന്ന്‌ പിരിച്ചെടുക്കുന്ന നികുതി സംസ്ഥാനത്തിന്‌ തിരികെ നൽകുന്നില്ല. ഗുണ്ടായിസം പോലെയാണിത്‌. രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേരള ജനതയെ ദ്രോഹിക്കുന്നു. നാട്ടിൽ വികസനം ഉണ്ടാകരുതെന്നാണ്‌ ഇവർ ആഗ്രഹിക്കുന്നത്‌. ഇതിനായി എല്ലാ വലതുപക്ഷ ശക്തികളും ഒന്നിച്ചു ചേർന്നിരിക്കുകയാണ്‌. 1957 മുതൽ ഇടതുപക്ഷ സർക്കാരിനെ ഭരിക്കാൻ വലതുപക്ഷം അനുവദിച്ചിട്ടില്ല. ഇത്തവണ തുടർ ഭരണം ഉണ്ടാകുമെന്ന്‌ അവർ പ്രതീക്ഷിച്ചില്ല. അതാണ്‌ ആക്രമണത്തിന്‌ കാരണം–- സജി ചെറിയാൻ പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home