11 December Wednesday
ഭിന്നശേഷിക്കാരന്‌ മർദനം

ഡിഎഡബ്ല്യുഎഫ്‌ മാർച്ചിൽ 
പൊലീസ്‌ അതിക്രമം

സ്വന്തം ലേഖകൻUpdated: Thursday Nov 7, 2024

ഭിന്നശേഷിക്കാരനെ പൊലീസ് മർദിച്ചതിനെതിരെ ഡിഎഡബ്ല്യുഎഫ് സംഘടിപ്പിച്ച മാർച്ചിൽ പ്രവർത്തകരെ 
പൊലീസ് തള്ളിമാറ്റുന്നു

മാന്നാർ
ഭിന്നശേഷിക്കാരുടെ സംഘടന ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി എസ് ഹരികുമാർ പൂങ്കോയിക്കലിനെ (56) മാന്നാർ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച മാർച്ചിൽ പൊലീസ്‌ അതിക്രമം. ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്‌റ്റേഷൻ മാർച്ചിൽ പ്രതിഷേധക്കാരെ പലവട്ടം പൊലീസ് പിടിച്ചുതള്ളി. പൊലീസ്‌ ബലപ്രയോഗത്തെത്തുടർന്ന്‌ അംഗങ്ങൾ നിലത്ത്‌ വീണു. 
കസ്‌റ്റഡിയിലെടുത്ത ബൈക്ക് തിരികെ ലഭിക്കാൻ സ്‌റ്റേഷനിലെത്തിയ ഹരികുമാറിനെ എസ്എച്ച്ഒയും എസ്ഐയും ചേർന്ന് മർദിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തൃക്കുരട്ടി ക്ഷേത്ര ജങ്ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ സ്‌ത്രീകളടക്കം നൂറുകണക്കിന്‌ ഭിന്നശേഷിക്കാർ പങ്കെടുത്തു. മാർച്ച് പൊലീസ് സ്‌റ്റേഷൻ റോഡിലേക്ക് നീങ്ങിയപ്പോൾ മാന്നാർ പോസ്‌റ്റ്‌ ഓഫീസ് പടിക്കലിൽ തടഞ്ഞു. പ്രതിഷേധയോ​ഗം സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനംചെയ്‌തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യ ബൈജു അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, വൈസ്‌പ്രസിഡന്റ് ജയഡാലി, ജോയിന്റ് സെക്രട്ടറി അജി അമ്പാടി, ജില്ലാ പ്രസിഡന്റ് ഹരിപ്പാട് രാധാകൃഷ്‌ണൻ, ട്രഷറർ ഉദയൻ, സിപിഐ എം ഏരിയ കമ്മിറ്റി അം​ഗങ്ങളായ കെ നാരായണപിള്ള, പി എൻ ശെൽവരാജൻ, കെ എം അശോകൻ, കെ എം സഞ്‌ജുഖാൻ, ബി കെ പ്രസാദ്, ആർ അനീഷ് എന്നിവർ സംസാരിച്ചു. 
  ഹരികുമാറിനെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ഡിഎഡബ്ല്യുഎഫ് നേതാക്കൾ അറിയിച്ചതോടെ ഡിവൈഎസ്‌പി എം കെ ബിനുകുമാർ ചർച്ച നടത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ നടപടിയെടുക്കുമെന്ന ഉറപ്പിൻമേൽ സമരം നിർത്തി. ഭിന്നശേഷിക്കാരുടെ അവകാശത്തിനുള്ള ആർപിഡബ്ല്യുഡി ആക്‌ട്‌ 2016 പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎഡബ്ല്യുഎഫ്  മുഖ്യമന്ത്രിക്ക് പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top