31 March Friday

അഴീക്കലിനെ കുഫോസ് ദത്തെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

കൊച്ചി >  കേരള ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി അഴീക്കല്‍ ഗ്രാമത്തെ ദത്തെടുത്തു. സ്ത്രീശാക്തീകരണ പ്രവര്‍ത്തങ്ങളിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുഫോസ് തീരദേശമേഖലയില്‍ നപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ദത്തെടുത്തത്.

പദ്ധതിപ്രകാരം അഴീക്കല്‍ ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 100 സ്ത്രീകള്‍ക്ക് ഉണക്കമത്സ്യ ഉല്‍പ്പാദനത്തില്‍ ശാസ്ത്രീയ പരിശീലനവും തൊഴിലുപകരണങ്ങളും കുഫോസ് നല്‍കി. ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ (എഡിഎസ്)  സഹകരണത്തോടെ രൂപീകരിച്ച സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളിലൂടെയാണ് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തത്. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉണക്കമത്സ്യം ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ വില്‍പ്പനശാലകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

അന്ധകാരനഴിയിലെ ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ കുഫോസ് സ്കൂള്‍ ഓഫ് അക്വാ കള്‍ചര്‍ ആന്‍ഡ് ബയോ ടെക്നോളജി ഡീന്‍  ഡോ. എം എസ് രാജു ദത്തെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉണക്കമത്സ്യ ഉല്‍പ്പാദനത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് തൊഴിലുപകരണങ്ങളും ഡോ. എം എസ് രാജു വിതരണംചെയ്തു.

ആലപ്പുഴ രൂപതാ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ സേവ്യര്‍ കുടിയാംശേരി അധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോമി കുരിശിങ്കല്‍, കുഫോസ് ഡയറക്ടര്‍ ഓഫ് എക്സ്ടെന്‍ഷന്‍ ഡോ. ഡെയ്സി സി കാപ്പന്‍, അഴീക്കല്‍ സെന്റ് സേവിയേഴ്സ് പള്ളിവികാരി ഫാ. ജോര്‍ജ് ഇസഡോര്‍, സിസ്റ്റര്‍ ആന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top