08 October Tuesday

വൈവിധ്യങ്ങളുടെ ഓണവിപണി

നെബിൻ കെ ആസാദ്Updated: Saturday Sep 7, 2024

നഗരത്തിൽ ഓണത്തോടനുബന്ധിച്ച് സജീവമായ ഗൃഹോപകരണശാല

ആലപ്പുഴ 
അത്തം പിറന്നതോടെ വസ്‌ത്രശാലകളിലും ഗൃഹോപകരണശാലകളിലും പച്ചക്കറി, പലചരക്ക്‌ കടകളിലും തിരക്കായി. സ്വർണവില കുറഞ്ഞത്‌ ജ്വല്ലറികളിലും കൂടുതൽ ആളെത്തുന്നതിന്‌ കാരണമായി. ഓണത്തിന് വമ്പൻ ഓഫറുകളൊരുക്കിയാണ്‌ ഗൃഹോപകരണ വിപണി ജനങ്ങളെ ആകർഷിക്കുന്നത്‌. 
വിലക്കുറവ്, വാറന്റി, ഗ്യാരന്റി, ഗിഫ്റ്റ് കൂപ്പണുകൾ, എന്നിവയാണ്‌ പ്രധാന ഓഫറുകൾ. ചെറുനറുക്കെടുപ്പുകൾ മുതൽ ബമ്പർ നറുക്കെടുപ്പുകൾവരെ കടകളിലുണ്ട്‌. ഒരു ഉൽപ്പന്നം വാങ്ങിയാൽ വേറെ ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭിക്കുന്ന ഓഫറുകൾക്കാണ്‌ ആവശ്യക്കാർ കൂടുതൽ. 
പ്രിന്റഡ്‌ വസ്‌ത്രങ്ങളാണ്‌ താരം 
ഇത്തവണയും പ്രിന്റഡ്‌ വസ്‌ത്രങ്ങൾതന്നെയാണ്‌ ഓണക്കോടികളിൽ തിളങ്ങുന്നത്‌. പ്രിന്റഡ്‌ വസ്‌ത്രങ്ങളിൽ തന്നെ വ്യത്യസ്‌ത ഡിസൈനുകൾ കണ്ടെത്തുന്നതിനും മത്സരമുണ്ട്‌. ഗുരുവായൂർ അമ്പലനടയിൽ സിനിമയിൽ പൃഥ്വിരാജ്‌ ധരിച്ച ഷർട്ടിന്റെയും മുണ്ടിന്റെയും ആവേശത്തിലെ ഫഹദ്‌ ഫാസിലിന്റെ സിംഹത്തിന്റെ ചിത്രമുള്ള ഷർട്ടിന്റെയും പാറ്റേൺ വസ്‌ത്രങ്ങൾക്ക്‌ ആവശ്യക്കാരേറെ. ഹാൻഡ്‌ പെയിന്റഡ്‌, ഡിജിറ്റൽ, ഫ്ലോറൽ പ്രിന്റഡ്‌ ഡിസൈനുകൾക്കാണ്‌ സെറ്റുസാരികൾക്കും ആവശ്യക്കാർ ധാരാളം.  ഓണാഘോഷ പരിപാടികൾക്ക്‌ ഡ്രസ്‌കോഡാകാമെന്ന ഉദ്ദേശ്യത്തിൽകൂടെയാണ്‌ ഇത്തരം സാരികൾ വിപണിയിലിറക്കിയത്‌.  
പുരുഷൻമാരുടെ വസ്‌ത്രങ്ങളിൽ ഹാഫ്‌ കുർത്തയ്‌ക്കും മുണ്ടിനും പ്രിന്റഡ്‌ ഷർട്ടുകൾക്കുംതന്നെയാണ്‌ ഡിമാൻഡ്‌. സാധാരണ ഷർട്ടുകളിൽ ക്യൂബൻ കോളർ ഷർട്ടുകളും കൂടുതൽ വിറ്റുപോകുന്നു. 
മുണ്ടിൽ സാധാരണ  സ്വർണക്കരയ്‌ക്ക്‌ പകരമായി പല വർണങ്ങളിലും ചിത്രങ്ങളിലും കരകൾ വ്യത്യസ്‌തമായ പാറ്റേണിലുണ്ട്‌. കസവിനൊപ്പം കടുംനിറങ്ങൾ ചേരുന്ന ഡിസൈനും ലഭ്യമാണ്‌. കുഞ്ഞുങ്ങളുടെ പട്ടുപാവാടയിലും ഉടുപ്പിലും മാറ്റങ്ങൾ കാണാം. കഴുത്തിന്റെ ഭാഗത്തും പാവാടയുടെ അറ്റത്തും സ്വർണക്കരയ്‌ക്ക്‌ പകരം കടും കളർ കരകൾ വന്നു. ഇത്തവണ ഉടുപ്പിന്റെ കൂടുതൽ ഭാഗവും ചിത്രങ്ങളാൽ നിറയുന്നത്‌ കാണാം.  ഓണക്കോടികളിൽ 500 മുതൽ തുടങ്ങി 5000 വരെ വിലയുള്ള ഷർട്ടുകളും 400 മുതൽ 8000 വരെ വിലയുള്ള മുണ്ടുകളുമുണ്ട്‌. ആയിരത്തിന്‌ മുകളിലാണ്‌ പ്രിന്റഡ്‌ സാരികൾക്ക്‌ വില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top