24 September Thursday

‌ഫെയ്‌സ്ബുക്കിലൂടെ വിദേശജോലി വാഗ്‌ദാനംചെയ്‌ത്‌ 4 ലക്ഷം തട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
ചെങ്ങന്നൂർ
ഫെയ്‌സ്ബുക്കിലൂടെ വിദേശത്ത് തൊഴിൽ വാഗ്‌ദാനം നൽകി യുവാവിൽനിന്ന്‌ ലക്ഷങ്ങൾ തട്ടി. ചെങ്ങന്നൂർ വാഴാർമംഗലം ക‌ൃഷ്‌ണക‌ൃപയിൽ സതീഷ്‌കുമാർ (43) ആണ് 3,89,000 രൂപ നഷ്‌ടമായതായി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. 
ഫെബ്രുവരിയിലാണ് ദുബായിലെ ഡിപി വേൾഡ് കമ്പനിയിൽ ജോലി വാഗ്‌ദാനംചെയ്‌ത്‌ പെന്റഗൺ ഓവർസീസ് സ്‌റ്റാഫ് ആൻഡ് എംപ്ലോയ്‌മെന്റ്‌ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ തൊഴിൽ പരസ്യം കണ്ടാണ് സതീഷ് ബന്ധപ്പെട്ടത്. തുടർന്ന് സതീഷിനെ കമ്പനിയുടെ വാട്‌സ്‌ ആപ്‌ ഗ്രൂപ്പിൽ ചേർത്തു. തുടർന്നുള്ള ആശയവിനിമയങ്ങൾ ഗ്രൂപ്പിലൂടെയാണ് നടന്നത്. 65,000 രൂപ ശമ്പളത്തിൽ ഇലക്‌ട്രീഷ്യനായി ജോലിയായിരുന്നു വാഗ്‌ദാനം. 
 ഗ്രൂപ്പ്‌ അഡ്മിൻമാരായിരുന്ന സാഗർ വൈദ്യ, വാഹിദ ഖുറൈഷി, വിശ്വജിത്ത് മണ്ഡൽ തുടങ്ങിയവരായിരുന്നു സതീഷിനെ ബന്ധപ്പെട്ടിരുന്നത്. അഡ്മിൻമാർ ആവശ്യപ്പെട്ട പ്രകാരം ഒരുമാസത്തിനുള്ളിൽ മൂന്നു തവണയായി എസ്ബിഐ അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചത്. ഇത്‌  സെക്യൂരിറ്റി തുകയാണെന്നും ജോലിയിൽ പ്രവേശിച്ചാൽ ഉടൻ തിരികെ ലഭിക്കുമെന്നും അറിയിച്ചു.
ഇതിനിടയിൽ എംബസിയിൽനിന്നാണെന്ന് ധരിപ്പിച്ച് ഫോണിലൂടെ ഇന്റർവ്യൂവും നടത്തി. വിമാനയാത്രയ്‌ക്ക്‌ ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചുവെങ്കിലും യാത്രയുടെ തലേന്ന് സാങ്കേതികകാരണം അറിയിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യിച്ചു. ഇടയ്‌ക്ക് പിൻമാറാൻ സതീഷ്   ശ്രമിച്ചപ്പോഴെല്ലാം നൽകിയ തുക തിരികെ ലഭിക്കില്ല എന്നറിയിച്ചതിനാൽ വീണ്ടും പണം നൽകി കാത്തിരിക്കുകയായിരുന്നു. രണ്ടാഴ്‌ച മുമ്പ് കമ്പനിയുടെ‌ പേരിലുള്ള വാട്‌സ്‌ ആപ്പ് ഗ്രൂപ്പിൽനിന്ന് സതീഷിനെ ഒഴിവാക്കി. ഒപ്പം രേഖകളുടെ പകർപ്പുകളും ഒഴിവാക്കി. ഫെയ്‌സ്ബുക്കിലെ അക്കൗണ്ടുവഴി മറുപടി തിരക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ചെങ്ങന്നൂർ സിഐ ജോസ് മാത്യുവിന്റെ നേത‌ൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top