15 May Saturday

ഏജന്റുമാരെ മുക്കി ബിജെപി– യുഡിഎഫ്‌ ഡീൽ

സ്വന്തംലേഖകൻUpdated: Wednesday Apr 7, 2021
ആലപ്പുഴ
വോട്ടെടുപ്പ്‌ തുടങ്ങിയപ്പോൾ പേരിന്‌ മാത്രം. ഉച്ചകഴിഞ്ഞപ്പോൾ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.- യുഡിഎഫിനെ സഹായിക്കാൻ ബിജെപി പോളിങ്‌ ഏജന്റുമാരെ മുക്കിയത്‌ ഇങ്ങനെ. ജില്ലയിലെ മിക്കവാറും മണ്ഡലങ്ങളിൽ ഈ കുതന്ത്രം പയറ്റി. പണമൊഴുക്കി പ്രചാരണം നടത്തിയെങ്കിലും വോട്ടെടുപ്പ്‌ ദിവസം ബിജെപിക്ക്‌ ഈ ആവേശം ഉണ്ടായിരുന്നില്ല. പല ബൂത്തുകളിലും പേരിന്‌ മാത്രമായിരുന്നു ബിജെപി ഏജന്റുമാർ. ഇവർ ഇരിപ്പിടം പങ്കിട്ടതാകട്ടെ യുഡിഎഫ്‌ ഏജന്റുമാരുമായി. 
 ഉച്ചകഴിഞ്ഞപ്പോൾ പേരിന്‌ പോലും സാന്നിധ്യമുണ്ടായിരുന്നില്ല. നിർദ്ദേശം കിട്ടിയതോടെ ഏജന്റുമാർ കൂട്ടത്തോടെ മുങ്ങി. ഇതിനു പിന്നാലെ സ്വന്തം ബൂത്ത്‌ കമ്മിറ്റി ഓഫീസ്‌ ഉപേക്ഷിച്ച്‌ പ്രവർത്തകരും മടങ്ങി. അനുഭാവികളെ വീട്ടിൽച്ചെന്ന്‌ കണ്ട്‌ വോട്ടുചെയ്യിക്കാനുള്ള ശ്രമവും ഉണ്ടായില്ല.
 പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്‌ മണ്ഡലത്തിൽ കോൺഗ്രസ്‌–- ബിജെപി ഡീൽ പരസ്യമായിരുന്നു. പള്ളിപ്പാട്‌, കരുവാറ്റ, ചെറുതന, ഹരിപ്പാട്‌, ആറാട്ടുപുഴ, കള്ളിക്കാട്‌ മേഖലകളിൽനിന്ന്‌ ബിജെപി ഏജന്റുമാരെ പിൻവലിച്ചു. കായംകുളത്ത്‌ പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര, ചെട്ടികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ഏജന്റുമാർ മുങ്ങി. 
 അരൂരിൽ മനക്കോടത്തും തുറവൂരിലും ചേർത്തലയിൽ ചേർത്തല തെക്ക്‌ പഞ്ചായത്തിലും ബിജെപിക്കാർ ഉച്ചകഴിഞ്ഞ്‌ മതിയാക്കി. അമ്പലപ്പുഴയിൽ പുറക്കാട്‌, അമ്പലപ്പുഴ, കഞ്ഞിപ്പാടം, നീർക്കുന്നം, കാക്കാഴം കിഴക്ക്‌, പുന്നപ്ര തെക്ക്‌, വടക്ക്‌ പഞ്ചായത്തുകൾ, എന്നിവിടങ്ങളിൽ ബൂത്ത്‌ ഓഫീസ്‌ ഉൾപ്പെടെ ഉപേക്ഷിച്ചാണ്‌ ബിജെപിക്കാർ പോയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top