28 May Thursday

പെടക്കണ മീനാണ്‌ (രണ്ടുമാസം മുമ്പ്‌)

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

കല്ലിശേരി പറയുന്നകുഴി ഭാഗത്തെ വഴിയോര കച്ചവടക്കാരിൽനിന്ന്‌ പിടിച്ചെടുത്ത പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ, ഫിഷറീസ് വകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

ആലപ്പുഴ
നഗരത്തിൽ വിൽപ്പനയ്‌ക്കെത്തിച്ച രാസവസ്‌തുക്കൾ ചേർത്ത മത്സ്യം പിടിച്ചെടുത്തു. 350 കിലോ മത്സ്യമാണ് പിടികൂടിയത്. നഗരസഭ ആരോഗ്യവിഭാഗമാണ്‌ മത്സ്യം പിടികൂടിയത്‌. പുഴുവരിക്കുന്നതും ദുർഗന്ധം വമിക്കുന്നതുമായ നിലയിലായിരുന്നു മത്സ്യം. കേരച്ചൂര ഇനത്തിൽപ്പെട്ട മത്സ്യമാണ് കൂടുതലും.  
ബോട്ടുകൾ കടലിൽ പോകാതായതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്‌ മത്സ്യം എത്തുന്നത്‌. പഴകിയ മത്സ്യം വിൽക്കരുതെന്ന്‌ നിർദേശമുണ്ടായിരുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധിക‌ൃതർ മുന്നറിയിപ്പ് നൽകി.ഹെൽത്ത് ഇസ്പെക്ടർ എം ഹബീബ്, എച്ച്ഐമാരായ എസ് ഹർഷിദ്, ആർ അനിൽകുമാർ, ജെഎച്ച്ഐമാരായ സി ജയകുമാർ, ശിവകുമാർ, അനീസ്, രഘു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ചെങ്ങന്നൂർ
എം സി റോഡിൽ കല്ലിശേരി പെട്രോൾ പമ്പിന്‌ സമീപം പറയനാകുഴി ഭാഗത്തെ വഴിയോരക്കച്ചവടക്കാരിൽനിന്ന്‌ രണ്ട്‌ മാസം പഴക്കമുള്ള 300 കിലോ മത്സ്യം പിടിച്ചെടുത്തു. മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് വകുപ്പ്‌   ഉദ്യോഗസ്ഥരും ഇരമല്ലിക്കരയിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ്‌ രാസവസ്‌തുക്കൾ ചേർത്ത മത്സ്യം പിടികൂടിയത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്‌ ആരംഭിച്ച പരിശോധന മൂന്ന്‌ മണിക്കൂർ നീണ്ടുനിന്നു.  
കല്ലിശേരി സ്വദേശികളായ സജി വർഗീസ്, രാജേഷ് എന്നിവരുടെ വഴിയോരക്കടയിൽ സൂക്ഷിച്ച മത്സ്യമാണ്‌ പിടിച്ചെടുത്തത്. തള, കേര, റോക്കറ്റ്, ചെങ്കലവ, പാമ്പാട എന്നീ ഇനം മത്സ്യങ്ങളാണ്‌ കണ്ടെത്തിയത്‌. പായിപ്പാട്ടുള്ള മൊത്തക്കച്ചവടക്കാരിൽനിന്നാണ് മത്സ്യം വാങ്ങിയതെന്ന് കല്ലിശേരിയിലെ കച്ചവടക്കാർ പറഞ്ഞു.
ആർഡിഒ ജി ഉഷാകുമാരിയുടെ നിർദേശപ്രകാരം സ്ഥാപനം പൂട്ടാൻ ഉടമകൾക്ക് നിർദേശം നൽകി. ആലപ്പുഴ ജില്ലാ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ജി ശ്രീകുമാർ, ആദർശ് വിജയ്, എ എ അനസ്, ശ്രീലക്ഷ്‌മി, അഫീല യൂനസ്, ഫിഷറീസ് എസ്ഐ എം ദീപു   ചെങ്ങന്നൂർ എസ്ഐ  എസ് വി ബിജു എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂരിൽ പരിശോധന തുടരുമെന്ന്‌ ഫുഡ്സേഫ്റ്റി ഓഫീസർ  പറഞ്ഞു. റിപ്പോർട്ട്  ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമീഷണർക്ക് ഉടൻ  കൈമാറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top