Deshabhimani

കാറുടമയുടെ മൊഴി വ്യാജം; രജിസ്‌ട്രേഷൻ റദ്ദാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 02:13 AM | 0 min read

ആലപ്പുഴ
കളർകോട്‌ വാഹനാപകടത്തിൽ കാറുടമ ഷാമിൽ ഖാൻ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒയ്ക്ക്‌ നൽകിയ മൊഴി വ്യാജമാണെന്ന്‌ പൊലീസ്‌. കാർ വാടകയ്‌ക്ക്‌ നൽകിയതല്ല, പരിചയത്തിന്റെ പേരിൽ നൽകിയതാണെന്നാണ്‌ ഷാമിൽ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒയ്ക്ക്‌ മൊഴി നൽകിയത്‌. എന്നാലിത്‌ പൊലീസ്‌ വിശ്വാസത്തിലെടുത്തിരുന്നില്ല. ഷാമിൽ മുൻപും കാർ വാടകയ്ക്ക്‌ നൽകിയിരുന്ന ആളായതിനാലാണ്‌ തുടർന്ന്‌ വിശദമായ അന്വേഷണം നടത്തിയത്‌. 
ആലപ്പുഴ സൗത്ത്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ ഗൗരി ശങ്കറിന്റെ ഗൂഗിൾ പേയിൽനിന്ന്‌ 1000 രൂപ ഷാമിലിന്‌ ലഭിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തി. വിദ്യാർഥികൾ സിനിമ കാണാൻ പോകുമ്പോൾ കൈയിൽ പണമില്ലെന്ന്‌ പറഞ്ഞതുകൊണ്ട്‌ ആയിരം രൂപ നൽകുകയായിരുന്നുവെന്നും ഇത്‌ പിന്നീട്‌ ഗൗരി ശങ്കർ അയച്ചുതരികയുമാണെന്നാണ്‌ ഷാമിൽ ഖാൻ അറിയിച്ചത്‌. എന്നാൽ, കഴിഞ്ഞ ദിവസം അമ്പലപ്പുഴ പൊലീസ്‌ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി പരിക്കേറ്റ വിദ്യാർഥികളുടെ മൊഴി എടുത്തിരുന്നു. വാഹനം ഷാമിൽ ഖാന്റെ അടുത്തുനിന്ന്‌ വാടകയ്ക്ക്‌ എടുക്കുകയായിരുന്നെന്നും വാടകയായാണ്‌ 1000 രൂപ ഗൂഗിൾപേ ചെയ്തതെന്നുമാണ്‌ ഗൗരി ശങ്കറിന്റെ മൊഴി. വാഹനത്തിന്‌ തകരാർ ഉള്ളതായി അനുവഭപ്പെട്ടെന്നും വിദ്യാർഥി പൊലീസിനോട്‌ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാമിൽ ഖാന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന്‌ ആലപ്പുഴ ആർടിഒ ആർ കെ ദിലു ദേശാഭിമാനിയോട്‌ പറഞ്ഞു. ഷാമിൽ ഖാനെ ഒരുതവണ കൂടി ചോദ്യം ചെയ്തിട്ട്‌ മറ്റ്‌ കർശന നടപടികളിലേക്ക്‌ കടക്കും. ഷാമിൽ ഖാന്റെ ബാങ്ക്‌ ഇടപാടുകളും മറ്റ്‌ വാഹനങ്ങളെപ്പറ്റിയും വിശദമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക്‌ ഗൂഗിൾ പേ നൽകിയതിന്റെ വിവരങ്ങൾ ആർടിഒ ബാങ്കിൽനിന്ന് ശേഖരിച്ചു. ഗൗരി ശങ്കറിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്ന്‌ കഴിഞ്ഞ രണ്ടിന് രാത്രി 7.17ന്‌ ഷാമിൽ ഖാന്റെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്ക് 1000 രൂപ നൽകിയതെന്നാണ് ആർടിഒ ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്‌ഷന് വടക്ക് കെഎസ്ആർടിസി ബസിൽ കാറിടിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ അഞ്ച് പേർ മരിച്ചത്‌. വിദ്യാർഥികൾ സഞ്ചരിച്ച ടവേര ഷാമിൽ ഖാന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ രജിസ്‌ട്രേഷനിലുള്ള വാഹനമായിരുന്നു. സ്വകാര്യ രജിസ്‌ട്രേഷനിലുള്ള വാഹനം വാടകയ്‌ക്ക്‌ നൽകുന്നതും ടാക്‌സി സർവീസിന്‌ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്‌. ഇത്‌ ലംഘിച്ചാണ്‌ ഷാമിൽ മെഡിക്കൽ വിദ്യാർഥികളിൽനിന്ന്‌ പണം വാങ്ങി കാർ വാടകയ്ക്ക്‌ നൽകിയത്‌.


deshabhimani section

Related News

0 comments
Sort by

Home