മാരാരിക്കുളം
സംസ്ഥാന സ്കൂൾ കായികമേളയിലെ 400 മീറ്റർ ഹർഡിൽസിൽ മാരാരിക്കുളംകാരുടെ അഷ്നാമ്മ വിസ്മയംതീർത്തപ്പോൾ അതൊരു അതിജീവന ചരിത്രമായി. മൂന്നര വയസിൽ ഗുല്ല്യൻബാരി സിൻഡ്രോം ബാധിച്ച് ഇടതുകാൽ തളർന്ന് കിടപ്പിലായ കുട്ടിയായിരുന്നു അഷ്നാമ്മ എന്ന അഷ്ന റോബർട്ട്.
നല്ലൊരു കളിക്കളമോ പരിശീലനത്തിന് ഹർഡിൽസ് പോലെ ഉപകരണങ്ങളോ ഇല്ലാത്ത പൊള്ളേത്തെെ ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഈ കായികതാരം. മടലും കമ്പുകളും ഹർഡിൽസായി ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ പരിശീലനം നടത്തിയാണ് അഷ്ന കടമ്പകൾകടന്ന് സംസ്ഥാന കായികമേളയിൽ മത്സരിച്ചത്. ഫുട്ബോൾ താരം കൂടിയാണ് അഷ്ന.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സിയിലാണ് രോഗം ഭേദമായത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ പള്ളിക്കതയ്യിൽ റോബർട്ട് (ഹൈഡ്രോ ഗ്രാഫിക് സർവേ ഓഫീസ്, മുഹമ്മ) ആൻസി ദമ്പതികളുടെ മകളാണ്.
അഷ്നയുടെ സഹോദരി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥിനി ആഷ്മിയും സഹോദരൻ ആഷിക്കും കായികതാരങ്ങളാണ്. സ്കൂളിലെ കായികാധ്യാപിക രുഗ്മയുടെ ശിക്ഷണത്തിലാണ് പരിശീലനം.
സംസ്ഥാന വനിതാ ഫുട്ബോളിലും പങ്കെടുത്ത അഷ്നയ്ക്ക് മികച്ച പരിശീലന സൗകര്യം ലഭിച്ചാൽ ഹർഡിൽസിൽ വൻ നേട്ടമുണ്ടാക്കാനാകുമെന്ന് അധ്യാപകർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..