08 December Thursday
ആലപ്പുഴ മെഡി. കോളേജിൽ അപൂർവ ശസ്‌ത്രക്രിയ

ആത്മീയക്കിനി തടസമില്ലാതെ ശ്വസിക്കാം

സ്വന്തം ലേഖകൻUpdated: Thursday Oct 6, 2022
വണ്ടാനം
ഹൃദയഭിത്തിയുടെ ജനിതക തകരാറുമൂലം ശ്വാസകോശത്തിൽ ഗുരുതരരോഗം ബാധിച്ച ഏഴുവയസുകാരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപൂർവ ശസ്‌ത്രക്രിയയിലൂടെ രക്ഷിച്ചു. ഓച്ചിറ കാപ്പിൽ വിഷ്‌ണുഭവനിൽ ആന്റണി–-വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് ജീവിതം തിരികെ ലഭിച്ചത്. 
    കടുത്ത ശ്വാസതടസവുമായാണ്‌ കുട്ടിയെ രക്ഷകർത്താക്കൾ മെഡിക്കൽ കോളേജിലെത്തിച്ചത്. പരിശോധനയിൽ ശ്വാസകോശത്തിൽ ഗുരുതര  അണുബാധ കണ്ടെത്തി. ഇത് ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമായിരുന്നു. കാർഡിയോ തൊറാസിക് വിഭാഗം മേധാവി പ്രൊഫ. ഡോ. രതീഷ് രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ നടത്തിയ ശസ്‌ത്രക്രിയ നാല്‌ മണിക്കൂർ നീണ്ടു. ഹൃദയത്തിന്‌ പുറത്ത് ആവരണംവച്ചാണ് രക്തക്കുഴലുകളുടെ തകരാറ് പരിഹരിച്ചത്. 
  ആരോഗ്യ ഇൻഷുറൻസ് കാർഡില്ലാത്ത ഈ കുടുംബത്തിന് സൂപ്രണ്ടിന്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി ചികിത്സാ ആനുകൂല്യം ലഭ്യമാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നാലുലക്ഷത്തിലധികം രൂപ ചെലവുള്ള ഈ ശസ്‌ത്രക്രിയക്ക് ഈ നിർധന കുടുംബത്തിന് ഒരുരൂപപോലും ചെലവായില്ല. 
  ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഇതാദ്യമായാണ് ഇത്രയും സങ്കീർണമായ ശസ്‌ത്രക്രിയ കുട്ടികളിൽ വിജയകരമായി നടത്തുന്നത്.  ഡോക്‌ടർമാർ ഉൾപ്പെടെ എല്ലാവർക്കും നന്ദിയുണ്ടെന്ന് അച്ഛൻ ആന്റണി പറഞ്ഞു. 
  അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. കെ ടി ബിജു, ഡോ. ആനന്ദക്കുട്ടൻ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഹരികൃഷ്‌ണൻ, ഡോ. വിമൽ, ഡോ. മാത്യു, പെർഫ്യൂഷനിസ്‌റ്റ്‌ പി കെ ബിജു, നഴ്സുമാരായ രാജി, അനീഷ, അഞ്‌ജു, ഹസീന, നഴ്സിങ് അസിസ്‌റ്റന്റ്‌ രതീഷ് എന്നിവരും ശസ്‌ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top