24 October Thursday

ഹെലിപ്പാഡ്‌ സൗകര്യവുമൊരുക്കും കുട്ടനാട് താലൂക്കാശുപത്രി സമുച്ചയത്തിന്‌ 149 കോടിയുടെ ഭരണാനുമതി

സ്വന്തം ലേഖകൻUpdated: Friday Sep 6, 2019

കുട്ടനാട് താലൂക്ക് ആശുപത്രി പ്രളയകാലത്ത്‌‌(ഫയൽചിത്രം)

 

മങ്കൊമ്പ്
കുട്ടനാട് താലൂക്ക് ആശുപത്രി കെട്ടിടസമുച്ചയം നിർമാണത്തിന് ഭരണാനുമതിയായി. പുളിങ്കുന്നിലെ ആശുപത്രിയിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാനാകും വിധത്തിലുള്ള  ബഹുനിലമന്ദിരമാണ്‌ നിർമിക്കുക. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമാണത്തിന്‌ 149 കോടിയുടെ ഭരണാനുമതി നൽകി. കഴിഞ്ഞ ബജറ്റിൽ താലൂക്കാശുപത്രിയിൽ ഹെലിപ്പാഡ്‌ ഉൾപ്പെടെ ബഹുനില മന്ദിരം നിർമിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്‌ പ്രഖ്യാപിച്ചിരുന്നു. 
 ഇതുപ്രകാരം മന്ത്രിയുടെ നിർദേശാനുസരണം വിശദമായ പ്രോജക്‌ട്‌ റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല "ഇൻകൽ’ കമ്പനിക്കാണ്. 
വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്കാശുപത്രിയിൽ കുട്ടനാടിന്റെ പല ഭാഗത്തുനിന്നുമായി  നൂറുകണക്കിനാളുകൾ ചികിത്സയ്‌ക്കായി എത്തുന്നുണ്ട്‌. കഴിഞ്ഞ വർഷത്തെ  മഹാപ്രളയത്തിൽ ആശുപത്രി കെട്ടിടം വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങളോളം ആശുപത്രി അടച്ചിടേണ്ട സാഹചര്യമുണ്ടായി. 
 ഇൻകൽ കമ്പനി അധിക‌ൃതരുമായി നടന്ന ചർച്ചയിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു, വൈസ്‌പ്രസിഡന്റ് ബേബി ചെറിയാൻ, ബ്ലോക്ക് ഡിവിഷൻ അംഗം ആശ ദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ബി രാധാക‌ൃഷ്‌ണൻ, ജെഎച്ച്ഐ വി ജി ദാസ് എന്നിവർ പങ്കെടുത്തു. പ്രളയത്തെ അതിജീവിക്കാനാകും വിധമുള്ള സമുച്ചയത്തിന്റെ പ്ലാൻ തയ്യാറാക്കുകയാണ്‌. 2020  ജനുവരിയിൽ നിർമാണം ആരംഭിക്കുകയാണ്‌ ലക്ഷ്യം.
പ്രധാന വാർത്തകൾ
 Top