12 September Thursday
മേൽക്കൂര ശൂന്യം

പൊള്ളി, നനഞ്ഞ്‌ 
യാത്രക്കാർ

നെബിൻ കെ ആസാദ്Updated: Tuesday Aug 6, 2024

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ മാറ്റിയ നിലയിൽ

ആലപ്പുഴ
റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന്‌ പൊളിച്ചുനീക്കിയ മേൽക്കൂരയ്‌ക്ക്‌ പകരം സംവിധാനം ഏർപ്പെടുത്താതെ റെയിൽവേ. പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിലെ ആസ്‌ബറ്റോസ്‌ പൊളിച്ചിട്ടതിനാൽ വെയിലും മഴയുമേറ്റ്‌ വലയുകയാണ്‌ യാത്രക്കാർ.  പ്രവേശിക്കുന്ന ഭാഗത്തുതന്നെ മേൽക്കൂരയില്ലാത്തത്‌ ഭിന്നശേഷിക്കാരെയും വയോജനങ്ങളെയുമാണ്‌ ഏറെ വലയ്‌ക്കുന്നത്‌. വീതി കുറച്ചതിനാൽ തിരക്കേറുമ്പോൾ മഴവന്നാൽ  ഓടിമാറാൻ പറ്റാത്ത അവസ്ഥയാണ്‌. ടാർപോളിൻഷീറ്റ്‌  പോലും വിരിച്ചിട്ടില്ല. മഴപെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കുന്നതിൽ ചവിട്ടി വേണം അടുത്ത പ്ലാറ്റ്‌ഫോമിലേക്ക്‌ കടക്കാൻ. ഇതും അപകടകരമാണ്‌. 
 കുഴികളിൽ കാൽതടഞ്ഞ്‌ നിരവധിപേർ കഴിഞ്ഞ ദിവസങ്ങളിലായി വീണിരുന്നു.  ചെറിയകുഴികൾ അടച്ചെങ്കിലും പ്ലാറ്റ്‌ഫോമിനോട്‌ ചേർന്ന വലിയ കുഴി ഇപ്പോഴും ഭീഷണിയാണ്‌. ഈ ഭാഗത്തേക്ക്‌ പ്രവേശനം പൂർണമായും അടച്ചിട്ടില്ല. 
   നിർമാണപ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താനും അപകടസാധ്യതകളൊഴിവാക്കി പണി പൂർത്തിയാക്കാനും നിർദേശങ്ങൾ നൽകാൻ എൻജിനിയറുടെ സേവനം സ്ഥിരമായി സ്‌റ്റേഷനിൽ വേണമെന്ന്‌ റെയിൽവേ യാത്രികർ പറഞ്ഞു. കൂടുതൽ വാട്ടർ കൂളറുകൾ  സ്ഥാപിക്കണം.  പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആലപ്പുഴ–- തൃശൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ്‌ ഹൈദർ അലി റെയിൽവേ മാനേജർക്ക്‌ പരാതി നൽകിയിരുന്നു. 
  അമൃത്‌ഭാരത്‌ പദ്ധതിയിലെ നവീകരണം ഒക്‌ടോബറിൽ മാത്രമാണ്‌ പൂർത്തിയാകുന്നതെന്നിരിക്കെ മേൽക്കൂരയ്‌ക്ക്‌ പകരം സംവിധാനവും അപകടസാധ്യത കണക്കിലെടുത്ത നടപടികളുമില്ലെങ്കിൽ  ഇത്രയുംകാലം യാത്രക്കാർക്ക്‌ ദുരിതം തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top