25 September Friday

സാനിറ്റൈസര്‍ പച്ചക്കറിയിൽ വേണ്ട

സ്വന്തം ലേഖകൻUpdated: Thursday Aug 6, 2020
ആലപ്പുഴ
വാങ്ങുന്ന പച്ചക്കറികളും പഴവർ​ഗങ്ങളും കരുതലില്ലാതെ സോപ്പ്‌ ലായനിയിലും സാനിറ്റൈസറിലും അണുവിമുക്തമാക്കുന്ന ശീലം ദോഷകരമാണെന്ന്‌ ആരോഗ്യവകുപ്പ്‌. ഇത് അമിതമായാൽ ഗുണത്തേക്കാൾ ഏറെ ദോഷമാണെന്നാണ്‌  ആരോഗ്യവിദഗ്ധർ പറയുന്നത്‌. സോപ്പ് വെള്ളത്തിലും സാനിറ്റൈസറിലും കഴുകുമ്പോൾ ഇവയുടെ അംശം പച്ചക്കറികളിൽ പറ്റിപ്പിടിക്കാൻ സാധ്യത എറെയാണ്.  ഇത് വയറ്റിൽ ചെന്നാൽ  ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാം. 
 സോപ്പ് വെള്ളത്തിൽ കഴുകുമ്പോൾ വൈറസ് നശിക്കും എന്ന് തെളിഞ്ഞതാണ്. എന്നാൽ ഇതിന്റെ ദോഷവശവും തിരിച്ചറിയണമെന്ന് ഡോക്‌ടർമാർ പറയുന്നു. സോപ്പിന്റെ അംശം ഉള്ളിൽ ചെന്നാൽ  അന്നനാളത്തിലും ആമാശയത്തിലുമുള്ള നേർത്ത ചർമത്തിന് ക്ഷതമേൽക്കാനും വ്രണമുണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഉദര രക്തസ്രാവം, വയറുവേദന, ഛർദി, വിശപ്പില്ലായ്‌മ എന്നിവയുമുണ്ടാകും. 
 വഴിയോരക്കച്ചവടക്കാരിൽനിന്നാണ് കൂടുതലും പച്ചക്കറി വാങ്ങുന്നത്. അതുകൊണ്ടുതന്നെ അത് അണുവിമുക്തമാക്കണമെന്ന ചിന്ത ജനങ്ങൾക്കുണ്ട്. സാനിറ്റൈസറുകളിൽ ആൽക്കഹോൾ അടക്കം പലതരം രാസവസ്‌തുക്കളുണ്ട്. 70 ശതമാനം ആൽക്കഹോൾ വളരെ വീര്യം കൂടിയ അളവാണ്. 
 നേർപ്പിച്ച സോപ്പ് ലായിനിയിൽ കഴുകി ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്. ചൂട് വെള്ളത്തിൽ ലിക്വിഡ് സോപ്പ് ലയിപ്പിച്ച് അതിൽ പച്ചക്കറികളും പഴങ്ങളും മുക്കിവയ്‌ക്കണം. 10 മിനിട്ടിനുശേഷം ഇവ ശുദ്ധജലത്തിൽ ഒന്നോ രണ്ടോ തവണ കഴുകി ഉപയോ​ഗിക്കണം. മഞ്ഞൾപ്പൊടി, വിനാ​ഗിരി വെള്ളം തുടങ്ങിയവയിലും മുക്കിവയ്‌ക്കുന്നത് നല്ലതാണ്. വിനാഗിരി വെള്ളത്തിൽ ലയിപ്പിച്ച് കഴുകിയെടുക്കാം. മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടശേഷം ശുദ്ധജലത്തിൽ കഴുകിയും ഉപയോഗിക്കാം–-ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാ​ഗം പ്രൊഫസർ ഡോ. ബി പത്മകുമാർ പറഞ്ഞു. സാനിറ്റൈസറിൽ കൈ അണുവിമുക്തമാക്കുന്നവർ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകാനും ശ്രദ്ധിക്കണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top