Deshabhimani

വ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷത്തിന്റെ തട്ടിപ്പ്‌ 4 കോയമ്പത്തൂർ സ്വദേശികൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 01:13 AM | 0 min read

 

ചേർത്തല
യുവ വ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ സ്വദേശികളായ നാലുപേരെ ചേർത്തല പൊലീസ് പിടികൂടി. ഹോട്ടലുകളുടെ റേറ്റിങ് ഉയർത്തിക്കാട്ടി വരുമാനം ഉണ്ടാക്കാനുള്ള ബിസിനസ്‌ പ്രൊമോട്ടിങ്‌ വ്യാജ ആപ്പിൽ ഉൾപ്പെടുത്തിയായിരുന്നു തട്ടിപ്പ്. നഗരസഭ 11–-ാം വാർഡ് പുഷ്‌പനിവാസിൽ കൃഷ്‌ണപ്രസാദിന്റെ(30) പണമാണ് നഷ്ടമായത്. 
കോയമ്പത്തൂർ കളപ്പനായക്കൽ ഖാദർ മൊയ്‌തീൻ(44), സോമയംപാളയം മരതരാജ്(36), വേലാണ്ടിപ്പാളയം ഭുവനേശ്വരനഗർ രാമകൃഷ്‌ണൻ(50), വേലാട്ടിപ്പാളയം തങ്കവേൽ(37) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനികൾക്ക്‌ ബാങ്ക് അക്കൗണ്ടുകൾ എടുത്തുനൽകിയവരാണ് ഇവർ.
പിടിയിലായ തങ്കവേലു, രാമകൃഷ്‌ണൻ എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും ബാക്കി തുക ഇതര 10 അക്കൗണ്ടുകളിലേക്കും പരാതിക്കാരൻ അയച്ചതായാണ്‌ പൊലീസ്‌ കണ്ടെത്തൽ. അക്കൗണ്ടുകൾ ഇതരസംസ്ഥാന ബാങ്കുകളിലേതാണെന്നാണ് വിവരം. അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ എത്തിയ ചേർത്തല പൊലീസ്‌ നാലുപേരെ കുടുക്കിയത്.
പരാതിക്കാരനെ വാട്ട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ട് ആപ്പിൽ ഉൾപ്പെടുത്തി ചെറിയതുകകൾ കൈമാറ്റംചെയ്‌താണ് കെണിയിലാക്കിയത്. ശേഷമാണ് 88 ലക്ഷം തട്ടിയെടുത്തത്. സൈബർസെൽ സഹായത്തോടെയാണ് തട്ടിപ്പുസംഘം കോയമ്പത്തൂരിൽ ഉണ്ടെന്ന്‌ മനസിലാക്കിയത്‌. 
എഎസ്‌പി ഹരീഷ് ജെയിനിന്റെ നിർദേശപ്രകാരം എസ്‌ഐമാരായ കെ പി അനിൽകുമാർ, സിപിഒമാരായ സബീഷ്, അരുൺ, പ്രവേഷ്, ധൻരാജ് ഡി പണിക്കർ എന്നിവരാണ് കോയമ്പത്തൂരിലെത്തി പ്രതികളെ പിടികൂടിയത്. സംഘത്തിലെ പ്രധാനികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന്‌ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർ ജി അരുൺ പറഞ്ഞു.
 


deshabhimani section

Related News

0 comments
Sort by

Home