29 January Saturday
പിന്നിൽ കുറുവാസംഘമെന്ന് സംശയം

തിരുവിഴയിലും അരീപ്പറമ്പിലും 
വ്യാപക മോഷണം

സ്വന്തം ലേഖകൻUpdated: Sunday Dec 5, 2021

മാല നഷ്‌ടപ്പെട്ട ജലജ

ചേർത്തല
ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളുടെ പരിധിയിലെ തിരുവിഴ, അരീപ്പറമ്പ് മേഖലകളിൽ ശനിയാഴ്‌ച പുലർച്ചെ വ്യാപക മോഷണം. 
മൂന്ന്‌ കിലോമീറ്ററിനുള്ളിലെ വീടുകളിലാണ് ‌ മോഷ്‌ടാക്കൾ കയറിയത്.  പ്രാഥമിക ആവശ്യത്തിന്‌ പുലർച്ചെ പുറത്തിറങ്ങിയ വയോധികയെ പിന്നിൽനിന്ന്‌ ആക്രമിച്ച് മാല പൊട്ടിച്ചെടുത്തു.കവർച്ചാസംഘത്തിന്റെ ദൃശ്യം പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. 
പുലർച്ചെ 3.30നാണ്‌ മാരാരിക്കുളം വടക്ക് ഏഴാം വാർഡിൽ തിരുവിഴ ചൂഴനാട്ട് ജലജ(69)യുടെ മാല പൊട്ടിച്ചത്‌. 
ഭർത്താവിനൊപ്പം വീടിന്‌ പുറത്തിറങ്ങിയതാണ്. ഭർത്താവ്‌ വീടിനുള്ളിലേക്ക്‌ പോയപ്പോഴാണ് പിന്നിലൂടെയെത്തി മാലപൊട്ടിച്ചത്. കവർച്ചാസംഘം മുഖം മറച്ചിരുന്നു. അരീപ്പറമ്പ് കുന്നത്ത് ക്ഷേത്രത്തിന്‌ സമീപം മുളപ്പള്ളിവെളി മംഗളാനന്ദന്റെ വീട്ടിൽ 2.30നാണ് മോഷണശ്രമം നടന്നത്. 
പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്നവർ കിടപ്പുമുറിയിലെ അലമാര തുറക്കുന്നതിനിടെ മംഗളാനന്ദൻ ഉണർന്നതോടെ ഓടിരക്ഷപ്പെട്ടു. കൊച്ചിറവെളി ലീല, വിജയപുരം കുട്ടൻ, പട്ടേക്കാട്ട് സാജൻ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. സംഭവം നടന്നയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. 
മൂന്നംഗസംഘമാണ് എല്ലായിടത്തും എത്തിയതെന്നാണ്‌ സൂചന. വടക്കുനിന്ന്‌ കാൽനടയായി സഞ്ചരിച്ചാണ്‌ വീടുകളിൽ കയറിയത്‌. 
അർധനഗ്‌നരായ സംഘം അതിവേഗം പ്രദേശത്തെ റോഡിലൂടെ പോകുന്ന ദൃശ്യമാണ്‌ സിസിടിവിയിൽ ലഭിച്ചത്‌. മുഖംമറയ്‌ക്കാൻ തുണി തലയിൽ കെട്ടിയിരുന്നു. 
കുറുവാസംഘമെന്ന സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top