07 August Friday

പമ്പാ കെഎസ്‌ആർടിസി സർവീസ്‌ റെഡി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019
ആലപ്പുഴ
ശബരിമല തീർഥാടകർക്ക്‌ യാത്രാസൗകര്യമൊരുക്കി കെഎസ്‌ആർടിസി. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നുള്ള പ്രതിദിന പമ്പാ സർവീസാണ്‌  തീർഥാടകർക്ക്‌ ആശ്രയമാവുന്നത്‌. ഏതാനും ഡിപ്പോകളിൽനിന്ന്‌ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചും പ്രത്യേക സർവീസുണ്ട്‌. ചെങ്ങന്നൂർ ഡിപ്പോയാണ്‌ കൂടുതൽ സർവീസ്‌ നടത്തുന്നത്‌. ഇതരസംസഥാനങ്ങളിലെ തീർഥാടകരടക്കം എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ്‌ സർവീസ്‌ ഏറെയും. എത്ര തീർഥാടകർ ഏത്‌ സമയത്ത്‌ എത്തിയാലും സർവീസ്‌ നടത്താവുന്ന വിധമാണ്‌ ക്രമീകരണം. നാൽപ്പത്തഞ്ചിലധിക ബസുകൾ ഡിപ്പോയിലെത്തിച്ചിട്ടുണ്ട്‌. തിരക്ക്‌ വർധിച്ചാൽ ചെങ്ങന്നൂരിലെ വണ്ടികളും ഉപയോഗിക്കും. ട്രിപ്പിനുള്ള യാത്രക്കാർ ആയാലുടൻ ബസ്‌ വിടും. പ്രതിദിനം ശരാശരി 70 ട്രിപ്പുവരെ നടത്തുന്നുണ്ടെന്ന്‌ അധിക‌ൃതർ പറയുന്നു. ഇതിൽ എസി ലോഫ്ലോർ, സൂപ്പർ ഫാസ്‌റ്റ്‌ അടക്കമുള്ളവയുണ്ട്‌. 132 രൂപയാണ്‌ ചെങ്ങന്നൂർ–- പമ്പാ ഫാസ്‌റ്റ്‌ നിരക്ക്‌.
ആലപ്പുഴ ഡിപ്പോയിൽനിന്ന്‌ എല്ലാ ദിവസവും രാത്രി ഒമ്പതിന്‌ പമ്പയ്‌ക്ക്‌ ഫാസ്‌റ്റുണ്ട്‌. ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട വഴി പോകുന്ന ബസിന്റെ നിരക്ക്‌ 174 രൂപ. 
ചേർത്തലയിൽനിന്നും തുറവൂർക്ഷേത്രം വഴി ഒരു സർവീസുണ്ട്‌. ചേർത്തലയിൽനിന്നും രാവിലെ ആറിന്‌ പുറപ്പെടുന്ന ബസ്‌ തുറവൂരിലെത്തും. തുടർന്ന്‌ അവിടെനിന്നും 6.50ന്‌ പുറപ്പെട്ട്‌ ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, എടത്വാ വഴിയാണ്‌ പോവുക. 210 രൂപയാണ്‌ തുറവൂർ–- പമ്പാ നിരക്ക്‌. മാവേലിക്കരയിൽനിന്നും ചെട്ടികുളങ്ങര വഴിസർവീസുണ്ട്‌. രാത്രി 7.30ന്‌ മാവേലിക്കരയിൽനിന്നും തിരിക്കുന്ന ബസ്‌ ചെട്ടികുളങ്ങരയിൽ എത്തിയശേഷം 8.30ന്‌ അവിടെനിന്ന്‌ പുറപ്പെടും. ഒമ്പതിന്‌ മാവേലിക്കരയിൽ എത്തിയശേഷം പമ്പയ്‌ക്ക്‌ പോകും. 
എടത്വാ ഡിപ്പോയിൽനിന്ന്‌ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തകഴി ക്ഷേത്രം വഴിയാണ്‌ സർവീസ്‌. രാത്രി എട്ടിന്‌ എടത്വായിൽനിന്ന്‌ തിരിക്കുന്ന ബസ്‌ തകഴിയിൽ എത്തിയശേഷം ഒമ്പതിന്‌ തകഴി വഴി പമ്പയ്‌ക്ക്‌ പോകും. കായംകുളം ഡിപ്പോയിൽനിന്നും ഓച്ചിറ വഴി സർവീസുണ്ട്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top