28 September Monday

കിടപ്പുരോഗികളെ ആശുപത്രിയിലേക്ക് മാറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ആലപ്പുഴ
വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച്‌ കിടപ്പുരോഗികളായ പാലിയേറ്റീവ് കെയർ ആവശ്യമുള്ളവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. കുട്ടനാട് താലൂക്ക്, തീരപ്രദേശങ്ങളിൽ കടൽക്ഷോഭ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലുള്ളവരെയാണ് മാറ്റുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. 
കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവർ തുടങ്ങിയവരുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങളോട്‌ നിർദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളാക്കുന്നതിനായി കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടായാൽ നിരീക്ഷണത്തിലുള്ളവരെയും രോഗലക്ഷണങ്ങളുള്ളവരെയും മാറ്റിപാർപ്പിക്കാൻ കോവിഡ് കെയർ സെന്ററുകളുടെ ഒരുഭാഗം മാറ്റിവയ്‌ക്കും.  ദുരന്തനിവാരണ പ്രവർത്തനങ്ങൾ കെഎസ്ഇബി, ഫയർ ഫോഴ്സ്, പൊലീസ്, ആരോഗ്യം, കെഎസ്ആർടിസി, സന്നദ്ധ സേവകർ എന്നിവരെ ഏകോപിപ്പിച്ച് നടത്തും.  കുട്ടനാട്ടിലേക്ക് കെമിക്കൽ ഇ- ടോയിലെറ്റുകൾ എത്തിക്കും. എല്ലാ താലൂക്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാണ്. കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ കെഎസ്ഇബി, ഇറിഗേഷൻ ഉദ്യോഗസ്ഥരെ നിയമിക്കും. അഗ്‌നിശമന സേനയ്‌ക്ക്‌ കുടൂതൽ മോട്ടോർ പമ്പുകൾ, ഉപകരണങ്ങൾ എന്നിവ വാങ്ങിനൽകും. 
കോവിഡ് നിയന്ത്രണത്തിന് സ്രവ പരിശോധന കൂടുതലായി നടത്തും. സ്രവപരിശോധനയ്‌ക്കായി വാനുകളിലേക്കും തിരിച്ച് വീട്ടിലേക്കും നിരീക്ഷണത്തിലുള്ളവരെ കൊണ്ടുപോകുന്നതിന്‌ ക്യാബിൻ തിരിച്ച ടാക്സികൾ ഉപയോഗിക്കും. ജില്ല പൊലീസ് മേധാവി പി എസ് സാബു, ഡെപ്യൂട്ടി കലക്‌ടർ ആശാ സി എബ്രാഹം, ഡിഎംഒ ഡോ. എൽ അനിതാകുമാരി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top