15 May Saturday

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെല്ലുസംഭരണം വെെകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കൂട്ടിയിട്ട നെല്ലിനരികിൽ നേന്ത്രവേലിപ്പാടത്തെ കർഷകർ

 മാന്നാർ

വിളവെടുപ്പ് കഴിഞ്ഞ് രണ്ടാഴ്‌ച പിന്നിട്ടിട്ടും നെല്ല് സംഭരണം നടത്താത്തതിൽ കർഷകരിൽ പ്രതിഷേധം ശക്തം. ചെന്നിത്തല കൃഷിഭവൻ പരിധിയിൽ 14–--ാം ബ്ലോക്ക് നേന്ത്രവേലി പാടശേഖരത്തിലാണ്‌ നെല്ല് കെട്ടിക്കിടക്കുന്നത്. മില്ലുടമകൾ അഞ്ച്‌ കിലോ കിഴിവ്  ആവശ്യപ്പെട്ടതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. രണ്ടുലക്ഷം ടൺ നെല്ലാണ് പാടത്തും റോഡിലും പറമ്പിലും കൂട്ടിയിട്ടിരിക്കുന്നത്. വേനൽമഴ ശക്തി പ്രാപിച്ചാൽ ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടാകും.   പതിനഞ്ചോളം കർഷകർ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ വായ്‌പയെടുത്തും പലിശയ്‌ക്ക്‌ പണം വാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയുമാണ് കൃഷിയിറക്കിയത്. സമീപത്തെ പാടശേഖരമായ കൊടവള്ളാരി എയിലും സമാനഅവസ്ഥയാണ്‌.  
അമ്പലപ്പുഴ
കൊയ്‌ത്ത്‌ കഴിഞ്ഞ് ആഴ്‌ചകൾ പിന്നിട്ടിട്ടും നെല്ല് സംഭരണം നടക്കുന്നില്ലെന്ന് കർഷകരുടെ പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 80 ഏക്കർ വരുന്ന കപ്പാം വേലി, 40 ഏക്കർ വരുന്ന ഒറ്റ വേലി, 100 ഹെക്‌ടർ വരുന്ന കാട്ടുകോണം പാടശേഖരങ്ങളിൽ കൊയ്‌തുകൂട്ടിയ നെല്ലാണ് പുറം വരമ്പുകളിൽ കെട്ടിക്കിടക്കുന്നത്. 
ഗുണനിലവാര പരിശോധനയിൽ മികച്ച നെല്ലാണെന്ന് കണ്ടെത്തിയെങ്കിലും  മില്ലുകാർ സംഭരണം നടത്തുന്നില്ല.  വിവരം പാഡി ഓഫീസറെ അറിയിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല. 13 മുതൽ 15 ശതമാനം വരെ കിഴിവാണ്‌ മില്ലുകാർ ആവശ്യപ്പെടുന്നത്‌. മില്ല് ഉടമകളുടെ ആവശ്യമാണ് പാഡി ഓഫീസറും ഉന്നയിക്കുന്നതെന്ന്‌ കർഷകർ ആരോപിച്ചു. മില്ലുടമകളും പാഡി ഓഫീസറും  ഒത്തുകളിക്കുകയാണെന്നും കർഷകർ ആരോപിച്ചു.  
എന്നാൽ ഇതിനെക്കാൾ ഗുണനിലവാരം കുറഞ്ഞ നെല്ല് നാലുമുതൽ ആറ്‌ ശതമാനം വരെ കിഴിവിലാണ് ഇതേ മില്ലുകാർ സമീപ പാടശേഖരങ്ങളിൽ നിന്ന് സംഭരിക്കുന്നത്‌. 
മഴ ശക്തമാകുന്നതിനു മുമ്പ് മുഴുവൻ നെല്ലും സംഭരിക്കണമെന്ന കർഷകരുടെ ആവശ്യത്തോട്  സഹായകരമായ നിലപാടല്ല പാഡി ഓഫീസർ കൈക്കൊള്ളുന്നതെന്നും  കർഷകർ ആവശ്യപ്പെട്ടു.
മങ്കൊമ്പ് 
കൊയ്‌ത്ത്‌ കഴിഞ്ഞ്‌ 10 ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കപ്പെടാതെ കെട്ടിക്കിടക്കുന്നു. 400 ഏക്കർ വിസ്‌തൃതിയുള്ള കൈനകരി കൃഷിഭവൻ പരിധിയിലെ ഇരുമ്പനം പാടശേഖരത്തിലാണ് നെല്ല് കെട്ടിക്കിടക്കന്നത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top