20 April Tuesday

തകഴിയിൽ രണ്ടിടങ്ങളിൽ വീണ്ടും ചോർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

പെെപ്പിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് തകഴിയിൽ അറ്റകുറ്റപ്പണി തുടങ്ങിയപ്പോൾ

 തകഴി

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴിയിലെ ജലവിതരണ പൈപ്പിൽ വീണ്ടും തകരാർ.  ക്ഷേത്രം ജങ്ഷന് കിഴക്ക് ചാലുകടവ് പാലത്തിനു താഴെക്കൂടെ കടന്നുപോകുന്ന ലൈനിലും തകഴി റെയിൽവേ ക്രോസിന് കിഴക്കുഭാഗത്തുമായാണ് ചോർച്ച കണ്ടെത്തിയത്.
 30 ദിവസത്തിനിടെ നാലാം തവണയാണ് ഇവിടെ പൈപ്പിൽ തകരാർ കണ്ടെത്തുന്നത്‌. 
 ദിവസങ്ങൾക്ക്‌ മുമ്പ്‌ കേളമംഗലത്ത്‌ വൻ തോതിൽ പൈപ്പ്‌പൊട്ടി റോഡടക്കം തകർന്നിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രം ജങ്ഷനിലുണ്ടായ പൊട്ടലിനെത്തുടർന്ന് നിർത്തിവച്ച പമ്പിങ്  ശനിയാഴ്‌ചയാണ് പുനരാരംഭിച്ചത്. 
തിങ്കളാഴ്‌ച മുതൽ ചോർച്ച ഉണ്ടായിരുന്നെങ്കിലും കുടിവെള്ളപ്രശ്നം രൂക്ഷമായതിനാൽ പമ്പിങ് പൂർണമായി നിർത്തിയിരുന്നില്ല. 
ചൊവ്വാഴ്‌ച വൈകിട്ടോടെ ചോർച്ച അതിരൂക്ഷമായി. ബുധനാഴ്‌ചഅറ്റകുപ്പണി തുടങ്ങി. രണ്ട് ജോയിന്റിലും പുതിയ റബ്ബർ റിങ്‌ കൂട്ടിച്ചേർത്ത് വ്യാഴാഴ്‌ച  ഉച്ചയോടെ പമ്പിങ് പുനരാരംഭിക്കാനാകുമെന്ന്‌ അധിക‌ൃതർ അറിയിച്ചു.
 
നഗര ജലവിതരണം ഉടൻ 
പുനസ്ഥാപിക്കണം : മന്ത്രി 
ആലപ്പുഴ
തകരാറ്‌ പരിഹരിച്ച്‌ ആലപ്പുഴ നഗരത്തിലെ ശുദ്ധജല വിതരണം ഉടൻ പുനസ്ഥാപിക്കണമെന്ന്‌ അഭ്യർഥിച്ച്‌ മന്ത്രി ജി സുധാകരൻ മന്ത്രി കെ ക‌ൃഷ്‌ണൻകുട്ടിക്ക്‌ കത്ത്‌ നൽകി. നഗരസഭയിലെ 52 വാർഡുകളിൽ ദിവസങ്ങളായി ശുദ്ധജലം കിട്ടുന്നില്ല.  
 അന്തർദേശീയ നിലവാരത്തിൽ നിർമിച്ച അമ്പലപ്പുഴ –-തിരുവല്ല റോഡ്  പൈപ്പ്‌ പൊട്ടയതിനെ തുടർന്ന്‌ തകർന്ന്‌ താറുമാറായി.അടിയന്തര സർവേ നടത്തി  വിഷയം പരിഹരിക്കണെമെന്നും മന്ത്രി ആവശ്യപ്പെട്ടു. ‌ ജലവിഭവ വകുപ്പ്‌ മനേജിങ്‌ ഡയറക്‌ടർ വെങ്കിടേശ്വര പതിക്കും മന്ത്രി കത്ത്‌ നൽകിയിട്ടുണ്ട്‌.
 അതേ സമയം അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ മൂന്നു ദിവസത്തേക്കുകൂടി നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജലവിതരണത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 
നഗരത്തിലെ കുഴൽക്കിണറുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നുണ്ട്‌. ശനിയാഴ്‌ചയോടെ ജലവിതരണം പൂർവസ്ഥിതിയിലാകുമെന്നാണ്‌ പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top