14 April Wednesday

ചീരച്ചുവപ്പാണ്‌ ജീവിതം!

സ്വന്തം ലേഖകൻUpdated: Thursday Mar 4, 2021

കോമളപുരം വാലേവെളി വത്സലയുടെ ചീരക‌ൃഷി വിളവെടുപ്പ് 
ക‌ൃഷി ഓഫീസർ എം ജിഷ ഉദ്ഘാടനംചെയ്യുന്നു

ആര്യാട്
വയലാർ മൂത്താൻവാതുക്കൽ വീട്ടിൽനിന്ന്‌ 20 വർഷം മുമ്പ് കോമളപുരം പ്ലാശുകുളം വാലേവെളി ലാലുവിന്റെ വീട്ടിലേക്ക് മണവാട്ടിയായി വത്സല വരുമ്പോൾ ഒരുപിടി ചീരവിത്ത് കരുതിയിരുന്നു. പാരമ്പര്യമായുള്ള പച്ചക്കറിക‌ൃഷിയുടെ തുടർച്ച ഭർത‌ൃവീട്ടിലും നാമ്പിട്ടു കാണണമെന്ന ആഗ്രഹത്താലായിരുന്നു ചീരവിത്തുമായുള്ള വരവ്. ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ വൈവിധ്യമാർന്ന പച്ചക്കറിക‌ൃഷികളാൽ സമൃദ്ധമാണ് വാലേ വെളിപുരയിടം. 
  വയലാർ രാമവർമയുടെ വീട്ടിലേക്ക് പച്ചക്കറികളും വെറ്റിലയും നൽകിയിരുന്ന കാലമുണ്ട്‌ വത്സലയുടെ ഓർമകളിൽ. ചേർത്തല തൈക്കൽ പ്രദേശത്തെ ചെമ്പട്ട് ചീരയുടെ വിത്ത് പാകി കിളിർപ്പിച്ചാണ് കോമളപുരം വാലേവെളിവീട്ടിൽ ക‌ൃഷിക്ക് തുടക്കംകുറിച്ചത്. ഓരോ തവണത്തെയും ക‌ൃഷിയിൽനിന്ന്‌ വിത്തെടുത്ത് സൂക്ഷിച്ച് അടുത്ത ക‌ൃഷിയിറക്കുന്ന രീതിയാണ് വത്സല തുടരുന്നത്. കഴിഞ്ഞവർഷം 40,000 രൂപയുടെ ചീര മാത്രം വിറ്റു. ഇപ്പോൾ ചീര വിളവെടുപ്പിന്റെ കാലമാണ്. 
വേപ്പിൻ പിണ്ണാക്കും കപ്പലണ്ടിപ്പിണ്ണാക്കും ഗോമൂത്രവും വളമായി നൽകി ജൈവക‌ൃഷിയിൽ വിളയിക്കുന്ന ചീര വാങ്ങാൻ ഇവിടെ തിരക്കാണ്. 10 ചുവടുള്ള ഒരു കെട്ട് ചീര 50 രൂപയ്‌ക്കാണ് നൽകുന്നത്. ജൈവമായതിനാൽ വിപണി വത്സലയ്‌ക്ക്‌ പ്രശ്നമേയല്ല. വിവിധയിനം പയർ, മുളക്, പീച്ചിൽ, പടവലം, പാവൽ, തക്കാളി തുടങ്ങിയവയും 24 സെന്റിൽ ക‌ൃഷിചെയ്യുന്നു. വെള്ളം കോരി നനയ്‌ക്കുന്ന പരമ്പരാഗത രീതിയാണ് ഇന്നും തുടരുന്നത്. 
 വത്സലയും കേരള സ്‌പിന്നേഴ്സിലെ തൊഴിലാളിയായ ഭർത്താവ് ലാലുവും പുലർച്ചെ 5.30 മുതൽ ക‌ൃഷിപ്പണി തുടങ്ങും. മകൾ ലൂഥർ മിഷൻ എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിനി ആദിത്യയും സഹായത്തിനുണ്ടാകും. ആര്യാട് ഫാം ക്ലബ്ബിലെയും ജെഎൽജി ഗ്രൂപ്പിലെയും അംഗമാണ് വത്സല. ക‌ൃഷി ഓഫീസർ എം ജിഷ, ക‌ൃഷി അസിസ്‌റ്റന്റുമാരായ അനില, ശ്യാമ , ആത്മ ബ്ലോക്ക് കോ–-ഓർഡിനേറ്റർ സുരമ്യ, ഫാം ക്ലബ് ഭാരവാഹികൾ എന്നിവരുടെ നിർദേശങ്ങളും  ക‌ൃഷിക്കുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top