06 December Friday

കയർബോർഡ്‌ ഓഫീസിലേക്ക്‌ തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

കയർഫാക്‌ടറി തൊഴിലാളി ജില്ലാ കോ–-ഓർഡിനേഷൻ കമ്മിറ്റി കയർബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കയർഫാക്‌ടറി തൊഴിലാളി ജില്ലാ കോ–-ഓർഡിനേഷൻ കമ്മിറ്റി കയർബോർഡ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ കയർവ്യവസായം ഇല്ലായ്‌മ ചെയ്യാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ശക്തമായ ചെറുത്തുനിൽപ്പിന് മുഴുവൻ ജനവിഭാഗങ്ങളും തയ്യാറാകണമെന്നും  അദ്ദേഹം പറഞ്ഞു. കയർ മേഖലയ്‌ക്കായി കേന്ദ്രസർക്കാർ നീക്കിവയ്‌ക്കുന്ന തുകയുടെ സിംഹഭാഗവും ചെലവിടുന്നത്‌ തമിഴ്നാട്ടിലാണ്‌. നാമമാത്രതുകയാണ് കേരളത്തിന് ലഭിക്കുന്നത്‌. പുതിയ സാങ്കേതികവിദ്യകളും തമിഴ്നാടിന് നൽകുന്നു. ചെലവ് കുറവായതിനാൽ വില കുറച്ച് ഇത് നൽകാനാകും. കേരളത്തിലെ കയർ വ്യവസായം തമിഴ്നാടിനെ ആശ്രയിക്കേണ്ട സ്ഥിതിയായിട്ടുണ്ട്‌. 
സംസ്ഥാന സർക്കാർ കേരളത്തിലെ കയർ വ്യവസായ മേഖല ആധുനികവൽക്കരിക്കാൻ ശ്രമം നടത്തുകയാണ്. കയർ മെഷിനറി മാനുഫാക്ചറിങ്‌ കമ്പനിയടക്കം സ്ഥാപിച്ചു. കേന്ദ്രത്തിന്റെ സഹായങ്ങളൊന്നും കയർ മേഖലയ്‌ക്ക്‌ ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ആർ നാസർ പറഞ്ഞു. 
 വി എസ് മണി അധ്യക്ഷനായി. കയർ മെഷിനറി മാനുഫാക്ചറിങ്‌ കമ്പനി ചെയർമാൻ അഡ്വ. കെ പ്രസാദ്, കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, ഫോം മാറ്റിങ്‌സ്‌ ചെയർമാൻ അഡ്വ. കെ ആർ ഭഗീരഥൻ, ബി അബിൻഷ, സി കെ സുരേന്ദ്രൻ, ടി ആർ ശിവരാജൻ, പി എസ് ശ്രീകുമാർ, പി സുരേന്ദ്രൻ, എ എസ് സാബു എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top