21 January Tuesday

നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: എസ‌് ആർ പി

സ്വന്തം ലേഖകൻUpdated: Wednesday Jul 3, 2019

പി കെ ചന്ദ്രാനന്ദൻ അനുസ‌്മരണസമ്മേളനം സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വേളയിൽ ശബരിമലയുമായി ബന്ധപ്പെട്ട‌് എൽഡിഎഫിനെതിരെ  വിഷലിപ്തമായ പ്രചാരണത്തിലൂടെ ഒരുവിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതായി സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. പുന്നപ്ര–-വയലാർ സമരനായകനും  മുതിർന്ന കമ്യൂണിസ‌്റ്റ‌് നേതാവുമായിരുന്ന പി കെ ചന്ദ്രാനന്ദന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ ചേർന്ന അനുസ‌്മരണസമ്മേളനം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ‌്റ്റ‌് പാർടി ഒരിക്കലും വിശ്വാസത്തിനെതിരല്ല. വിശ്വാസം സംരക്ഷിക്കപ്പെടണം എന്ന നിലപാടാണ‌് ഞങ്ങളുടേത‌്. പാർടി അംഗങ്ങളിൽ വിശ്വാസികളുണ്ട‌്. അനുഭാവികളിൽ ഭൂരിഭാഗവും വിശ്വാസികളാണ‌്. അവരിലൊരിക്കലും ഭൗതികവാദം അടിച്ചേൽപ്പിച്ചിട്ടില്ല. പാർടി അംഗമാകാൻ ഭൗതികവാദി ആകണമെന്ന നിബന്ധനയും വച്ചിട്ടില്ല. 
 എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കാനുള്ള സുധീരമായ നിലപാടാണ‌് പാർടിയുടേത‌്. എന്നാൽ ശബരിമലയെ മുൻനിർത്തി യുഡിഎഫും  ബിജെപിയും മാധ്യമങ്ങളും ശക്തമായ നുണപ്രചാരണം അഴിച്ചുവിട്ടു. കമ്യൂണിസ‌്റ്റുകൾ വിശ്വാസത്തിന‌് എതിരാണെന്ന‌് അവർ വ്യാപകമായി പ്രചരിപ്പിച്ചു. ചാനലുകൾ രാത്രി ചർച്ചയിലൂടെ ഇടതുപക്ഷത്തിനെതിരെ നിരന്തരം നുണ പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം 50 ലക്ഷം കുടുംബങ്ങളിലാണ‌് അവർ ഈ നുണ എത്തിച്ചത‌്. 
ഭരണഘടനയുടെ 25–-ാം അനുഛേദം വിശ്വാസത്തെ സംബന്ധിച്ച‌് വ്യക്തമാക്കുന്നുണ്ട‌്. സമാധാനത്തെതയും സന്മാർഗത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും പൊതുസമാധാനത്തെയും ആരോഗ്യത്തെയും അപകടത്തിലാക്കാതെ, ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്നുള്ള  വിശ്വാസമാകാം എന്നാണ‌് അനുഛേദത്തിലുള്ളത‌്. ഇതേ നിലപാടാണ‌് കമ്യൂണിസ‌്റ്റ‌് പാർടികൾക്കുമുള്ളത‌്. ഒരു വിശ്വാസം മാത്രമല്ല, എല്ലാ തരം വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം. 
 ഹിന്ദുമതത്തിൽ വ്യത്യസ‌്ത ദാർശനിക സമീപനങ്ങളുണ്ട‌്. ശങ്കരാചാര്യർ അദ്വൈതം രാജ്യം മുഴുവൻ എത്തിച്ചത‌് ബലപ്രയോഗത്തിലൂടെയല്ല.  സംവാദത്തിലൂടെയാണ‌്. ഈ നിലയിൽ വിശ്വാസം സംരക്ഷിക്കപ്പെടണം. അത‌് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും വേണം.  വിശ്വാസിയേയും അവിശ്വാസിയേയും അധ്വാനിക്കുന്നവരെയും പാവപ്പെട്ടവരെയും അണിനിരത്തി ചൂഷണത്തിനെതിരെയും മേധാവിത്വത്തിനെതിരെയും പോരാടുകയാണ‌് കമ്യൂണിസ‌്റ്റ‌്  പാർടി. 
ശാസ‌്ത്രത്തിന്റെ അറിവുകളുമായി മതവിശ്വാസം ഏറ്റുമുട്ടരുത‌്. മതം മതത്തിന്റെ ചട്ടക്കൂടിൽത്തന്നെ നിൽക്കണം. ഭരണം അതിന്റെ ചട്ടക്കൂടിലും. ഇവ പരസ‌്പരം ഇടപെടരുത‌്. 
ലോകസ‌്സഭാ തെരഞ്ഞെടുപ്പിൽ നടത്തിയ കള്ളപ്രചാരണം ഒരുവിഭാഗത്തെ ബാധിച്ചു എന്നത‌് ശരിയാണ‌്. അതാണ‌് കേരളത്തിലെ തിരിച്ചടിക്ക‌് കാരണം. ഇടതുപക്ഷം ശക്തമായി തിരിച്ചുവരും.  തെരഞ്ഞെടുപ്പിൽ ദേശീയതലത്തിലുൾപ്പെടെ തിരിച്ചടി നേരിട്ടതോടെ ഇടതുപക്ഷത്തിന‌് പ്രസക്തി നഷ‌്ടപ്പെട്ടു എന്ന പ്രചാരണം നടക്കുന്നുണ്ട‌്. എന്നാൽ മുമ്പെന്നത്തേക്കാളം ഇടതുപക്ഷത്തിന‌് പ്രസക്തിയുള്ള കാലമാണിത‌്.  ഇതിലും ക്ലേശകരമായ സാഹചര്യങ്ങളിലൂടെ ഇടതുപക്ഷം കടന്നുപോയിട്ടുണ്ട‌്. ചിലപ്പോൾ മുന്നേറും, മറ്റു ചിലപ്പോൾ പിന്നോട്ടു ചുവടുമാറ്റും. ഇത‌് സ്വാഭാവികമാണ‌്.
 താൽക്കാലികമായ തിരിച്ചടിയിൽനിന്ന‌് ഇടതുപക്ഷം ശക്തമായി തിരിച്ചു വരും. ക്ഷമാപൂർവമായ പ്രചാരണം നടത്തി ജനങ്ങളെ ബോധവൽക്കരിക്കും. പാർടിയുടെ മുതിർന്ന നേതാക്കൾമുതൽ ബ്രാഞ്ചംഗംവരെയുള്ളവർ ജനങ്ങളിലേക്കിറങ്ങിച്ചെല്ലും. ഇതിനായി ജൂലൈ 22 മുതൽ 29 വരെ ഗ‌ൃഹസന്ദർശനം നടത്തും. ആഗസ‌്തിൽ ഒരാഴ‌്ചത്തെ കുടുംബസദസുകൾ സംഘടിപ്പിക്കും.  ഈ പരിപാടികളിൽ നമ്മൾ അങ്ങോട്ടു പറയുകയല്ല, ജനങ്ങൾക്ക‌് പറയാനുള്ളത‌് കേൾക്കുകയാണ‌്ചെയ്യുക. 
ഉത്തമനായ കമ്യൂണിസ‌്റ്റായിരുന്ന സ. പി കെ ചന്ദ്രാനന്ദന്റെ ജ്വലിക്കുന്ന  സ‌്മരണ പാർടിയുടെ തുടർപ്രവർത്തനങ്ങൾക്ക‌് കരുത്തുപകരും. കമ്യൂണിസറ്റ‌് നിലപാടിലുറച്ച‌ുനിന്നുകൊണ്ട‌് എങ്ങിനെ വിശ്വാസത്തെ സംരക്ഷിക്കാമെന്ന‌് ദേവസ്വം ബോർഡ‌് പ്രസിഡന്റായിരുന്നപ്പോൾ  അദ്ദേഹം തെളിയിച്ചതാണ‌്. അതുകൊണ്ടുതന്നെ പി കെ സിയുടെ നിലപാടുകൾ ഓരോ കമ്യൂണിസ‌്റ്റുകാരനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക‌് ഊർജം പകരുമെന്ന‌് എസ‌് ആർ പി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top