16 April Friday

രണ്ടല്ല, 
അവരൊന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

കെെപ്പാലക്കടവ് പാലം

ചെങ്ങന്നൂർ 
നഗരസഭയിലെ മംഗലം, ഇടനാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായ കൈപ്പാലക്കടവ് പാലം മന്ത്രി ജി സുധാകരനാണ്‌ നാടിന്‌ സമർപ്പിച്ചു‌. ചെങ്ങന്നൂരിന്റെ ഗതാഗതവികസനത്തിന് പുതിയ പാത തുറന്നു. ഇനി മംഗലവും ഇടനാടും രണ്ടല്ല, ഒന്നാണ്. 
2016 ലെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന പാലംനിർമാണം. കാർഷിക മേഖലകളായ 5,6,7 വാർഡ്‌ ഉൾപ്പെടുന്ന മംഗലത്തിനെയും 8, 9,10 വാർഡിൽപ്പെടുന്ന ഇടനാടിനെയും ബന്ധിപ്പിക്കുന്ന പാലം പതിറ്റാണ്ടുകൾക്കു മുമ്പെ ഉയർന്നതാണ്‌. ഇടനാട്ടിൽനിന്ന്‌ നാലു കിലോമീറ്ററിലേറെ യാത്രചെയ്‌താണ്‌ മംഗലം ഭാഗത്ത്‌ എത്തിയിരുന്നത്‌. കടത്തുവള്ളമായിരുന്നു ഏക ആശ്രയം.  
2010ലെ ബജറ്റിൽ പാലത്തിന് സാങ്കേതിക അനുമതി ലഭിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്ന വലിയപ്രചാരണം നടന്നുവെങ്കിലും പാലംമാത്രം ഉയർന്നില്ല. പാലംനിർമാണം വൈകുന്നതിൽ ഇരുകരകളിലെയും താമസക്കാർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. 
പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ അന്തരിച്ച കെ കെ രാമചന്ദ്രൻനായർ എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഒമ്പതു കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് 3.5കോടിയും അനുവദിച്ചു. പ്രളയാനന്തര നിർമാണത്തിന്റെ ഭാഗമായി ഡിസൈനിലും എസ്റ്റിമേറ്റിലും വേണ്ടമാറ്റം വരുത്തി. 
മംഗലം കുറ്റിക്കാട്ടുപടി ജങ്ഷനിൽനിന്ന് കൈപ്പാലക്കടവിലേക്കുള്ള ഒരു കിലോമീറ്റർ റോഡിലും തുടർന്ന് ഇടനാട്ടിലും 11 പേരുടെ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. 132.2 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്റർ വീതിയുണ്ട്. എംസി റോഡിൽ മുളക്കുഴ സെഞ്ചുറി ജങ്ഷനിൽനിന്ന് തിരിഞ്ഞ് പുത്തൻകാവ്, ഇടനാട് കൈപ്പാലക്കടവ് പാലംവഴി മംഗലം കുറ്റിക്കാട്ടുപടി ജങ്ഷനിലൂടെ കല്ലിശേരി ജങ്ഷനിലെത്തി തിരികെ എം സി റോഡിൽ പ്രവേശിക്കാം. കോട്ടയംഭാഗത്തുനിന്നെത്തുന്ന ശബരിമല തീർഥാടകർക്കും യാത്രസൗകര്യമൊരുക്കുന്നുണ്ട് കെെപ്പാലക്കടവ് പാലം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top