21 October Wednesday

രോഗി മരിച്ചത്‌ ആശുപത്രിയിലെ അനാസ്ഥമൂലമെന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020
ആലപ്പുഴ>
പക്ഷാഘാതത്താൽ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗി അധിക‌ൃതരുടെ അനാസ്ഥമൂലം മരിച്ചതായി ആക്ഷേപം. കട്ടപിടിച്ച രക്തം അലിയിക്കാൻ കുത്തിവച്ച മരുന്നിന്റെ പാർശ്വഫലം മൂലമാണ്   മാവേലിക്കര പല്ലാരിമംഗലം വൈശാഖിൽ എൻ സുകുമാരന്റെ ഭാര്യ സുമതിക്കുട്ടി (62) മരിച്ചതെന്ന്‌  മകൾ സുമിത്ര വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആലപ്പുഴ ഡിഎംഒ എന്നിവർക്ക് പരാതി നൽകി. 
   
ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന്‌ ദേഹാസ്വാസ്ഥ്യമുണ്ടായ ഉടനെ കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പക്ഷാഘാതം സ്ഥിരീകരിച്ചു.  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാൻ സന്നദ്ധത അറിയിച്ചെങ്കിലും  മരുന്ന്‌ കഴിച്ചശേഷം അടുത്തദിവസം രാവിലെ മെഡിസിൻ ഡോക്‌ടറെ കാണിച്ചാൽ മതിയെന്ന്‌ ഡ്യൂട്ടി ഡോക്‌ടർ നിർദേശിച്ചു. വീട്ടിലേക്ക്‌ പോന്നെങ്കിലും രാത്രി ശരീരവേദന കലശലായി.  തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആറിന്‌ വൈകിട്ട് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  14ന് രാത്രി 9.10ന്  മരിച്ചു.
   
വൈക്കത്തെ സ്വകാര്യആശുപത്രിയിലെ കുത്തിവയ്‌പ്പാണ് രോഗിയുടെ മരണകാരണമെന്നാണ്  സുമിത്രയുടെ ആക്ഷേപം. പാർശ്വഫലങ്ങൾ പ്രകടമായപ്പോൾമുതൽ പലതവണ ആശുപത്രിയിലെ നഴ്സുമാരുടെയും ഡോക്‌ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കുത്തിവയ്‌പ്പ്‌ തുടർന്നത്രെ.  സുമതിക്കുട്ടിയുടെ അച്ഛൻ സുകുമാരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top