സ്വന്തം ലേഖകൻ
ആലപ്പുഴ
നവീകരണം 75 ശതമാനം പൂർത്തിയായ ആലപ്പുഴ–-ചങ്ങനാശേരി റോഡ് സെമി എലിവേറ്റഡ് പാതയിലേക്ക്. 65 കലുങ്കിൽ 95 ശതമാനവും കിടങ്ങറ, നെടുമുടി വലിയപാലങ്ങളുടെ നിർമാണം 95 ശതമാനവും പൂർത്തിയായി. ദേശീയജലപാതയിലുള്ള പള്ളാത്തുരുത്തി പാലം നിർമാണ അനുമതിക്കായി പുതുക്കിയ പദ്ധതി കെഎസ്‌ടിപി ചീഫ് എൻജിനിയർക്ക് നൽകി. രൂപരേഖയിലും മറ്റുമുണ്ടായ മാറ്റംമൂലം 30 കോടി രൂപ അധികമായി വേണ്ടിവരും.
മൂന്ന് വലിയപാലങ്ങളും 65 കലുങ്കും 14 ചെറിയപാലങ്ങളുമാണ് മുമ്പ് ഉണ്ടായിരുന്നത്. നവീകരണത്തിൽ വലിയപാലങ്ങൾ കൂടാതെ പുതുതായി അഞ്ച് ഫ്ലൈ ഓവർകൂടി ഉയർന്നിട്ടുണ്ട്. ഒന്നാംകര, മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത്, ജ്യോതി, പൊങ്ങ പണ്ടാരക്കളം എന്നിവിടങ്ങളിലാണിത്. നസ്രത്ത്, ജ്യോതി ഫ്ലൈഓവർ നിർമാണം പൂർത്തിയായി. ടാറിങ്ങും വിളക്ക് സ്ഥാപിക്കലും കഴിഞ്ഞാലുടൻ ഗതാഗതത്തിനായി തുറക്കും. തുടർന്ന് നിലവിലെ സമാന്തരപാതകളും നവീകരിക്കും.
ചങ്ങനാശേരി മനയ്‌ക്കച്ചിറ, കൊണ്ടൂർ, കിടങ്ങറ, രാമങ്കരി, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ്, മാതകശേരി, പണ്ടാരക്കളം, കൈതവന എന്നിവടങ്ങളിലെ ചെറിയപാലങ്ങൾ പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തു. പാറയ്‌ക്കൽകലുങ്ക്, കിടങ്ങറ ഈസ്‌റ്റ്, മാമ്പുഴക്കരി ചെറിയപാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.
റോഡിനിരുവശവും ഡ്രെയിനേജ് നിർമാണം 75 ശതമാനം പൂർത്തിയായി. റോഡ് നിർമാണവും അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം ആദ്യഘട്ടത്തിൽ തുടങ്ങിയെങ്കിലും ദേശീയജലപാത അതോറിറ്റി ഇടപെട്ട് നിർത്തിച്ചു. പിന്നീട് അതോറിറ്റിയുടെ അനുമതി ലഭിച്ചെങ്കിലും രൂപരേഖയിലും മറ്റും മാറ്റംവരുത്തി പുതുക്കിയ പദ്ധതി തയാറാക്കി.
2020 ഒക്‌ടോബർ 12നാണ് എസി റോഡ് എലിവേറ്റഡ് പാതയാക്കാനുള്ള നിർമാണം തുടങ്ങിയത്. 649.7 കോടി രൂപയായിരുന്നു പദ്ധതിത്തുക. ഗതാഗതം തടസപ്പെടുത്താതെ ആവശ്യമായ നിയന്ത്രണം ഏർപ്പെടുത്തിയാണ് നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ജി സുധാകരൻ പൊതുമരാമത്തുവകുപ്പ് മന്ത്രിയായിരിക്കെയാണ് പദ്ധതി തയാറാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..