26 September Saturday

വിരമിക്കാത്ത കാരുണ്യവുമായി‌ വിനയൻ പടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

വിരമിച്ച ദിവസം വിനയൻ കായംകുളം റെയിൽവേ സ്‌റ്റേഷനിൽ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് കൈമാറുന്നു

ആലപ്പുഴ
സഹജീവികൾക്ക്‌ ഭക്ഷ്യധാന്യകിറ്റുകൾ സമ്മാനിച്ച്‌ കായംകുളം റെയിൽവേ സ്‌റ്റേഷൻ മാനേജർ എം വിനയൻ സർവീസിൽ നിന്ന്‌ വിടവാങ്ങി. യാത്രയയപ്പ് ചടങ്ങിനായി സമാഹരിച്ച തുക സഹജീവികൾക്ക് കാരുണ്യം ചൊരിയാനായി വിനിയോഗിച്ചാണ് ഈ ഉദ്യോഗസ്ഥൻ കോവിഡ്‌ കാലത്ത്‌ സ്വയം മാതൃകയായത്‌. 
വിവിധ സ്ഥലങ്ങളിലായി 37 വർഷത്തെ സേവനത്തിന് ശേഷം വിനയൻ  വെള്ളിയാഴ്‌ചയാണ് വിരമിച്ചത്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും യാത്രയയപ്പ് നൽകണമെന്നായിരുന്നു ആഗ്രഹം. കോവിഡ് കാലമായതിനാൽ വിനയൻ അതിനോട് വിയോജിച്ചു. വിരമിക്കൽ വേളയിൽ സഹജീവികളെ  സഹായിക്കണമെന്നാണ് താൽപ്പര്യമെന്ന് വിനയൻ അറിയിച്ചതോടെ എല്ലാവരും ഒപ്പം നിന്നു. 
യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാൻ സമാഹരിച്ച തുക തൊഴിൽ നഷ്‌ടപ്പെട്ട റെയിൽവേ ശുചീകരണത്തൊഴിലാളികൾക്കും പോർട്ടർമാർക്കും ഭക്ഷ്യധാന്യ കിറ്റുകൾ വാങ്ങി നൽകാൻ ഉപയോഗിക്കുകയായിരുന്നു.
കായംകുളം സ്റ്റേഷനിൽ നിയുക്ത സ്റ്റേഷൻ മാനേജർ പി പത്മകമാർ, ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ കെ ജി ജോൺസൺ എന്നിവരുടെ സാന്നിധ്യത്തിൽ കിറ്റുകൾ കൈമാറി. 27 പേർക്ക് കിറ്റുകൾ നൽകി കോയമ്പത്തൂർ, മംഗലൂരു ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിലും വിനയൻ  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൽഎൽബിക്കാരനായ ഇദ്ദേഹം മികച്ച വാഗ്മിയുമാണ്. ഓൾ ഇന്ത്യാ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ ഡിവിഷണൽ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ
പ്രവർത്തിച്ച ഇദ്ദേഹം ഡിആർഇയുവിന്റെ നേതൃസ്ഥാനങ്ങളും വഹിച്ചു. 12 മണിക്കൂർ സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി എട്ട് മണിക്കൂറാക്കാൻ അലപ്പുഴ സെക്ഷനിൽ നടന്ന സമരങ്ങൾക്ക്‌ മുന്നിൽ നിന്നു. 
    അച്ഛൻ പരേതനായ മാധവക്കുറുപ്പ് അവിഭക്ത കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനും മാവേലിക്കര നഗരസഭാ കൗൺസലറുമായിരുന്നു. മാവേലിക്കര സിന്ദൂരം വീട്ടിലാണ് താമസം. ഭാര്യ: സന്ധ്യ. മക്കൾ: ഗോവിന്ദ് (അഭിഭാഷകൻ, തിരുവനന്തപുരം), ഗൗരി (ആലപ്പുഴ വനിതാ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥ).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top