14 August Friday
എസ്‌എസ്‌എൽസിയിൽ സംസ്ഥാനത്ത്‌ ഒന്നാമത്‌

കിടുവാണ്‌‌ കുട്ടനാട്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020

വിജയസ്മിതം എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടനാട്ടിലെ കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിലെ അപർണ കൃഷ്ണയെ പ്രധാനാധ്യാപകൻ രഞ്ജിത് ഗോപി വീട്ടിലെത്തി അഭിനന്ദിക്കുന്നു. ഒപ്പം സഹപാഠികളായ ആരതി, അമൃത, അരുൺകുമാർ ഫോട്ടോ: ഷിബിൻ ചെറുകര

ആലപ്പുഴ
രണ്ട്‌ പ്രളയവും കോവിഡും കശക്കിയെറിഞ്ഞിട്ടും ആത്മവീര്യത്തിന്റെ തുഴയെറിഞ്ഞ് കുട്ടനാട്ടിലെ കുട്ടികൾ. എസ്‌എസ്‌എൽസിക്ക്‌ നൂറുമേനി വിജയംകൊയ്‌ത്‌ സംസ്ഥാനത്തെ ഏക വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്‌. പ്രതിസന്ധികൾ കണ്ടറിഞ്ഞ്‌ സർക്കാരും ജനപ്രതിനികളും നൽകിയ കരുതൽ കുട്ടനാടിന്‌ ഒന്നാമതായി ഫിനിഷ്‌ ചെയ്യാൻ വഴിയൊരുക്കി. കഴിഞ്ഞ വർഷം 99.94  ശതമാനം വിജയത്തോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമതെത്തിയ കുട്ടനാട്‌ ഇത്തവണ കൂടുതൽ തിളക്കത്തോടെ വിജയം ആവർത്തിക്കുകയായിരുന്നു.  
 33 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 2106 വിദ്യാർഥികൾ ഉപരിപഠനത്തിന്‌ യോഗ്യത നേടി. 170 വിദ്യാർഥികൾക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുണ്ട്‌. ഏഴ്‌ സർക്കാർ സ്‌കൂൾ, 25 എയ്‌‌ഡഡ്‌, ഒരു അൺ എയ്‌ഡഡ് സ്‌കൂൾ ‌ കുട്ടനാട്ടിലുള്ളത്‌. കഴിഞ്ഞ വർഷം 2114 വിദ്യാർഥികളിൽ രണ്ടുപേരൊഴികെ ഉപരിപഠനത്തിന്‌ യോഗ്യത നേടിയിരുന്നു.  2018ൽ 96.70 ശതമാനമായിരുന്നു വിജയം. 
 2018ലെ പ്രളയത്തിൽ കുട്ടനാട്ടിലെ സ്‌കൂളുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. പുസ്‌തകങ്ങൾ നഷ്‌ടപ്പെട്ടത്‌ നൂറുകണക്കിന് വിദ്യാർഥികൾക്കാണ്‌‌. ഇതിൽ നിന്ന് കരകയറിയപ്പോഴാണ് അടുത്ത വർഷവും വെള്ളപ്പൊക്കം എത്തിയത്‌. ഇത്തവണയും പഠനം മുടങ്ങിയത് ദിവസങ്ങളോളം. 
 പുസ്‌തകങ്ങൾ നഷ്‌ടപ്പെട്ട മുഴുവൻ കുട്ടികൾക്കും പുസ്‌തകം സൗജന്യമായി വിതരണം ചെയ്‌തായിരുന്നു കുട്ടനാടിന്റെ അതിജീവനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മറ്റും സജീവ ഇടപെടൽ പുതിയ ഉണർവായി.  അധ്യയനം മുടങ്ങിയതിന്‌ പകരമായി ശനിയാഴ്‌ച പ്രവൃത്തിദിനമാക്കി. രാവിലെയും വൈകിട്ടും പ്രത്യേക ക്ലാസെടുത്താണ്‌ കുട്ടികളെ പരീക്ഷയ്‌ക്ക്‌ ഒരുക്കിയത്‌‌.
അധ്യയന വർഷാവസാനം കോവിഡ്‌ എത്തി. യാത്രാസൗകര്യം കുറവായ കുട്ടനാട് ഇതോടെ ഒറ്റപ്പെട്ടു. മാറ്റിവച്ച പരീക്ഷ നടത്തിയപ്പോൾ കുട്ടനാടിന്‌ പ്രത്യേക കരുതൽ നൽകി. എല്ലാ കുട്ടികൾക്കും‌ പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ വകുപ്പിനൊപ്പം മറ്റ്‌ സർക്കാർ വകുപ്പുകളും ഒപ്പംനിന്നു. 
 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ അഞ്ചുകോടി കിഫ്ബി ഫണ്ടും തോമസ് ചാണ്ടി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ 54 ലക്ഷവും ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ 40 ലക്ഷവും ചേർത്ത് 5.94 കോടി രൂപ ചെലവഴിച്ചു.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top