14 August Friday

ഉദിച്ചുയർന്നു

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020

ആലപ്പുഴ 

എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത്‌ രണ്ടാം സ്ഥാനത്തേക്ക്‌ ഉദിച്ചുയർന്ന്‌‌ ‌ ആലപ്പുഴ ജില്ല. വിജയശതമാനം 99.57. കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനത്തുനിന്നുമാണ് ഇക്കുറി പത്തനംതിട്ടക്ക്‌ പിന്നാലെ രണ്ടാമതായി ആലപ്പുഴ ഫിനിഷ്‌ ചെയ്‌തത്‌. പ്രളയത്തെ അതിജീവിച്ച്‌ കഴിഞ്ഞവർഷം നേടിയ മിന്നും ജയത്തേക്കാൾ തിളക്കമാർന്നതാണ്‌ ഈ വർഷത്തെ നേട്ടം. വെള്ളപ്പൊക്കവും കോവിഡും ഉയർത്തിയ ബാരിക്കേഡുകൾ മറികടന്നുള്ള കുതിപ്പ്‌  വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുസമൂഹവും സർക്കാരും കൈകോർത്ത്‌ നടത്തിയ പ്രയത്നത്തിനുള്ള സല്യൂട്ടായി.  

 98.93 ശതമാനമായിരുന്നു പോയ വർഷത്തെ വിജയം. എ പ്ലസിലും നൂറുമേനിയിലുമുണ്ട്‌ ആലപ്പുഴ കുതിപ്പ്‌.  ഈ വർഷം 2,121 വിദ്യാർഥികളാണ്‌ എ പ്ലസുകാർ. കഴിഞ്ഞ വർഷം ഇത്‌ 1881 പേർക്കായിരുന്നു.  100 ശതമാനം വിജയം നേടിയത് 144 സ്‌കൂളൂകൾ. 

 സംസ്ഥാനത്ത്‌ 100 ശതമാനം വിജയം നേടിയ ഏക വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. കഴിഞ്ഞവർഷവും കുട്ടനാട്‌ സംസ്ഥാനത്ത്‌ ഒന്നാമതെത്തിയിരുന്നു. 

പരീക്ഷയെഴുതിയ 22, 026 വിദ്യാർഥികളിൽ 21,932 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇവരിൽ 11,294 ആൺകുട്ടികളും 10,756  പെൺകുട്ടികളുമാണ്‌. എയ്ഡഡ് സ്‌കൂളുകളിൽ 16,685 പേർ പരീക്ഷയെഴുതിയതിൽ 16,612 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 1522 പേർ എ പ്ലസ് നേടി. 99.563 ആണ് ഈ വിഭാഗത്തിലെ വിജയശതമാനം. അൺ എയ്ഡഡ് സ്‌കൂളുകളിൽ പരീക്ഷയെഴുതിയ 379 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.  50 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്.  

  ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 6,299 പേരിൽ 6,261 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.4. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ -6314 പേരിൽ 6292 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.65. മാവേലിക്കരയിൽ -പരീക്ഷയെഴുതിയവർ 7307. ഉപരിപഠന യോഗ്യത നേടിയവർ 7,273. വിജയശതമാനം 99.53. കുട്ടനാട് പരീക്ഷയെഴുതിയ 2106 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.  

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത മുഴുവൻ സ്‌കൂളുകളിലും കഴിഞ്ഞ വർഷത്തെക്കാളും വിജയശതമാനം കൂടി.  പ്രതിസന്ധിയിലും വിദ്യാർഥികളെ സജ്ജമാക്കിയ മുഴുവൻ രക്ഷിതാക്കളെയും  അധ്യാപകരെയും വിദ്യാഭ്യാസ ഉപഡയറക്‌ടർ ധന്യ ആർ കുമാറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ–--ഓർഡിനേറ്റർ എ കെ പ്രസന്നനും അഭിനന്ദിച്ചു.  


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top