27 September Wednesday
സ്‌കൂളുകൾ സർവസജ്ജം

ഇന്ന്‌ ഉത്സവാരവത്തിൽ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ടീച്ചറമ്മമാരുടെ സമ്മാനം.... സ്‍കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ലിയോ തേർട്ടീന്ത് എൽപി സ്‍‍കൂളിലെ 
അധ്യാപകർ ചേർന്ന് കുട്ടികൾക്കായി തൊപ്പികൾ തയ്യാറാക്കുന്നു

 ആലപ്പുഴ

രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം പുത്തൻകൂട്ടുകാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി അക്ഷരക്കളരികൾ. അക്ഷരമുറ്റത്തെത്തുന്ന നവഗാതരെ ഉത്സവാരവത്തോടെ സ്വീകരിക്കാൻ നാട്‌ മുഴുവൻ വ്യാഴാഴ്‌ച സ്‌കൂളുകളിലെത്തും. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പ്രവേശനോത്സവ ഉദ്‌ഘാടനത്തിൽ എല്ലായിടത്തും സാഹിത്യകാരന്മാരും ജനപ്രതിനിധികളുമടക്കമുള്ള പ്രമുഖർ അണിനിരക്കും. 
പരിസരശുചീകരണം, സുരക്ഷാപരിശോധന, വിദ്യാലയങ്ങൾ മോടിയാക്കൽ എന്നിവയെല്ലാം പൂർത്തിയായി. പ്രവേശനോത്സവ ഗാനത്തോടെ പരിപാടിക്ക് തുടക്കമാകും. നവാഗതരെ ഓരോ സ്‌കൂളും പൂച്ചെണ്ടുകളും പ്രത്യേക സമ്മാനങ്ങളും നൽകി വരവേൽക്കും. 
ജില്ലാതല പ്രവേശനോത്സവം വ്യാഴം രാവിലെ 9.30ന് ചേർത്തല ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിൽ  മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയാകും. എ എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും. കലക്‌ടർ ഹരിത വി കുമാർ മുഖ്യാതിഥിയാകും. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ മന്ത്രി അനുമോദിക്കും. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും മന്ത്രി വിതരണംചെയ്യും. 
9 പുതിയ ഹൈടെക് 
കെട്ടിടങ്ങൾ 
പുത്തൻ അധ്യയനവർഷം ആരംഭിക്കുമ്പോൾ ജില്ലയിൽ കൊച്ചുകൂട്ടുകാരെ കാത്തിരിക്കുന്നത്‌ ഒമ്പത്‌ പുതിയ ഹൈടെക് സ്‌കൂൾ കെട്ടിടങ്ങൾകൂടി. രണ്ടാം പിണറായി സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ‘വിദ്യാകിരണം’ പദ്ധതിയിലാണ്‌ ഇവയുടെ നിർമാണം പൂർത്തിയാക്കിയത്‌. 
സൗത്ത്‌ അങ്ങാടിക്കൽ ഗവ. എച്ച്‌എസ്‌എസ്‌, ചെങ്ങന്നൂർ ഗവ. വിഎച്ച്‌എസ്‌എസ്‌, നാരകത്തറ ഗവ. യുപിഎസ്‌, കലവൂർ ജിഎച്ച്‌എസ്‌ എൽപിഎസ്‌, ചേർത്തല ഗവ. എച്ച്‌എസ്‌എസ്‌, കീരിക്കാട്‌ ഗവ. എച്ച്‌എസ്‌, ആലപ്പുഴ ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസ്‌, പട്ടണക്കാട്‌ എസ്‌സിയു ഗവ. വിഎച്ച്‌എസ്‌എസ്‌, അറുന്നൂറ്റിമംഗലം ഗവ. എൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ്‌ പുതിയ കെട്ടിടങ്ങളിൽ പുതിയ അധ്യയനവർഷം പഠനം ആരംഭിക്കുക. 2016ൽ ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഇതുവരെ നൂറിലധികം സ്‌കൂളുകൾ ഹൈടെക്കായി.
ഒന്നിലേക്ക്‌ 5015 കുട്ടികൾ
പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ  ഇത്തവണ പ്രവേശനം നേടിയത്‌ 5015 കുട്ടികൾ. ചേർത്തല –- 700, ആലപ്പുഴ –- 600, ചെങ്ങന്നൂർ –315, മാവേലിക്കര – -425, കായംകുളം –- 800, കുട്ടനാട് മേഖലയിലെ തലവടി, മങ്കൊമ്പ്‌, വെളിയനാട്‌ ഉപജില്ലകളിലായി –- 275, അമ്പലപ്പുഴ – 600, ഹരിപ്പാട്‌ –- 550, തുറവൂർ –- 750 എന്നിങ്ങനെയാണ്‌ ഉപജില്ല തിരിച്ചുള്ള ഏകദേശ കണക്ക്‌.- രണ്ടുമുതൽ 10 വരെ ക്ലാസുകളിൽ 15,000ന്‌ അടുത്ത്‌ കുട്ടികൾ പ്രവേശനം നേടി. കൃത്യമായ കണക്കുകൾക്ക്‌ അധ്യയനം ആരംഭിച്ച്‌ ആറ്‌ പ്രവൃത്തിദിവസം കാത്തിരിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top