04 July Saturday

കരുതലിന്റെ കായൽപ്പരപ്പ്‌

കെ എസ് ഗിരീഷ്Updated: Monday Jun 1, 2020

സാന്ദ്ര സാബു പരീക്ഷയ്‌ക്ക്‌ പോകാൻ ബോട്ടിൽ

ആലപ്പുഴ
ആലപ്പുഴ ബോട്ട് സ്‌റ്റേഷനിലേക്ക് ഫോൺ വിളിക്കുമ്പോൾ സാന്ദ്ര സാബുവിന്റെ ഉള്ളം പിടയ്‌ക്കുകയായിരുന്നു. പ്ലസ് വൺ പരീക്ഷയ്‌ക്കുപോകാൻ ബോട്ട് കിട്ടുമോ എന്നറിയാനായിരുന്നു വിളി. ഏറെ ആലോചനകൾക്കു ശേഷം മറുപടിവന്നു. എംഎൻ ബ്ലോക്ക് കായലിൽ നിന്ന് കാഞ്ഞിരം സ്‌കൂൾ ജെട്ടി വരെ സാന്ദ്രയ്‌ക്കു മാത്രമായി സർക്കാർ ബോട്ട് ഓടിക്കാനായിരുന്നു തീരുമാനം. രണ്ടു ദിവസം ഒറ്റ യാത്രക്കാരിയുമായി ജലഗതാഗത വകുപ്പ് നടത്തിയ പ്രത്യേക സർവീസ് പരീക്ഷക്കാലത്തെ സർക്കാർ കരുതലായി.
കൂലിപ്പണിക്കാരായ കോട്ടയം അരീപ്പറമ്പ് പന്തമ്മാക്കൽ സാബുവിന്റെയും രാധാമണിയുടെയും മൂത്ത മകളാണ് സാന്ദ്ര. കോട്ടയം കാഞ്ഞിരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്. പഠന സൗകര്യത്തിനായാണ് എംഎൻ ബ്ലോക്കിലെ കായൽചിറ വീട്ടിൽ  താമസിച്ചത്. അമ്മയുടെ സഹോദരി ബിന്ദുവിന്റേതാണ്‌ വീട്‌. കോട്ടയം ജില്ലയാണെങ്കിലും ആലപ്പുഴയുടെ അതിർത്തിയാണ്‌. കോട്ടയം–- -ആലപ്പുഴ ബോട്ട് ചാലിൽ നിന്ന് ഏഴു കിലോമീറ്ററോളം ഉള്ളിലാണ്‌ പ്രദേശം. ബോട്ട് മാത്രമാണ് അശ്രയം. 
ബോട്ട്‌ സർവീസിന്‌ തടസ്സങ്ങളേറെയായിരുന്നു. ഒരു കുട്ടിപോലും പരീക്ഷ എഴുതാതിരിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമായിരുന്നു മനസിലെന്നും അതിനായി കാര്യങ്ങൾ നീക്കുകയായിരുന്നുവെന്നും ജലഗതാഗത വകുപ്പ് ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു. ഗതാഗത മന്ത്രിയുടെ അനുമതിയും ലഭിച്ചു. 
സാന്ദ്രയുടെ യാത്രാദുരിതം അറിയാമായിരുന്നുവെന്ന് ജലഗതാഗത വകുപ്പ്  ആലപ്പുഴ യൂണിറ്റ് ഓഫീസർ കെ എ സന്തോഷ് കുമാർ പറഞ്ഞു. ചെറിയ ബോട്ടിൽ സ്‌കൂളിൽ പോകാനാവും. എന്നാൽ ചെലവ്‌  കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്‌. കാലാവസ്ഥയും പ്രതികൂലം. ബോട്ടിലെ അഞ്ചുജീവനക്കാരും സഹകരിച്ചതിനാലാണ്‌ സർവീസ് നടത്താനായതെന്നും അദ്ദേഹം പറഞ്ഞു.
 ലോക്ക്ഡൗൺ ആയതിനാൽ അന്തർജില്ലാ സർവീസിന്‌ പ്രത്യേക അനുമതി വാങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കോടിമതയിൽ നിന്ന് എം എൻ ബ്ലോക്കിൽ എത്തി സാന്ദ്രയെ സ്‌കൂൾ ജട്ടിയിൽ ഇറക്കി. പരീക്ഷ കഴിയുംവരെ കാത്തുനിന്നു. ബോട്ട് അനുവദിച്ചതിന്‌ സർക്കാരിനോട് നന്ദിയുണ്ടെന്ന്‌ സാന്ദ്ര പറഞ്ഞു. 11 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷയ്‌ക്ക്‌ പോയതിനാൽ ഒമ്പത് രൂപയേ ഈടാക്കിയുള്ളൂ. ഒമ്പതാം ക്ലാസ് വിദ്യാർഥി ശ്രീരാജാണ് സാന്ദ്രയുടെ സഹോദരൻ.
പ്രധാന വാർത്തകൾ
 Top