09 November Saturday

ഭരണഭാഷ പുരസ്‌കാരം ജില്ലയ്ക്ക് സ്വന്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024
പത്തനംതിട്ട
ഭരണത്തിന്റെ വിവിധതലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷാ പുരസ്‌കാരം നേടി ജില്ല. സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ മാതൃഭാഷയായ മലയാളം ഭരണഭാഷയിലേക്ക് സമന്വയിപ്പിച്ച ജില്ലയ്‌ക്കുള്ള പുരസ്കാരമാണ്‌ നേടിയത്‌. 2023 കലണ്ടർ വർഷം ജില്ലയിൽ നടപ്പാക്കിയ ഭാഷാമാറ്റ പുരോഗതി പരിഗണിച്ചാണ് ഈ വർഷത്തെ ഭരണഭാഷ ജില്ലാ പുരസ്‌കാരനേട്ടം. 
കേരളപ്പിറവി ദിനത്തിൽ 3.30ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന മലയാള ദിന ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകും.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നിർദേശങ്ങൾ ഏറ്റെടുത്ത്‌ നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ്‌ പുരസ്‌കാരം.  2023 വർഷം 7,83,733 ഫയലുകളാണ്‌ ജില്ലയിലെ വിവിധ വകുപ്പുകൾ മലയാളത്തിൽ കൈകാര്യം ചെയ്‌തത്‌. റവന്യൂ വകുപ്പിൽ മാത്രം 2,77,969 ഫയലുകളും മലയാളത്തിൽ കൈകാര്യം ചെയ്തു. എല്ലാ മാസവും കൃത്യമായി ഭാഷാ പുരോഗതി റിപ്പോർട്ട് തയ്യാറാക്കുന്നു. ഈ റിപ്പോർട്ട്‌ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് നൽകുന്നു. 
റവന്യൂ വകുപ്പിന്റെ ഭാഷാ പുരോഗതി അവലോകനം ചെയ്യുന്ന ജില്ലാസമിതി രണ്ടുമാസം കൂടുമ്പോൾ കൃത്യമായി ചേർന്ന് റിപ്പോർട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് നൽകുന്നു. അതുപോലെ എല്ലാ വകുപ്പുകളുടെയും ഭാഷാഅവലോകന യോഗമായ ജില്ലാ ഏകോപനസമിതി ഓരോ മൂന്ന്‌ മാസവും ചേർന്ന് ഭാഷാപുരോഗതി അവലോകനം ചെയ്‌ത്‌ റിപ്പോർട്ട് നൽകുന്നു.
എല്ലാ ഓഫീസുകളും ഭംഗിയായി ഭരണഭാഷാ വാരാഘോഷം നടത്തുകയും ചെയ്‌തു. മുഴുവൻ ഓഫീസുകളിലെയും ജീവനക്കാർ ഫയലുകൾ മലയാളത്തിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കോടതി സംബന്ധമായ വിഷയങ്ങളിൽ നോട്ട് ഫയൽ മലയാളത്തിലും കത്തുകൾ, സ്റ്റേറ്റ് ഓഫ് ഫാക്ട്സ് എന്നിവ ഇംഗ്ലീഷിലുമാണ് തയ്യാറാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top